യുഎസിലെ ഷെറിൻ മരണം; കുട്ടിയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ

single-img
26 October 2017

ഡാലസ് (യുഎസ്): യുഎസിലെ വടക്കന്‍ ടെക്സസില്‍ കൊല്ലപ്പെട്ട ഷെറിൻ മാത്യൂസിന് ആരോഗ്യപരമായ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ ബബിതാ കുമാരി. ഷെറിന് പോഷകക്കുറവുള്ളതിനാൽ ഇടയ്ക്കിടെ പാലു നൽകാറുണ്ടെന്നാണ് പിതാവ് വെസ്‌ലി മാത്യൂസ് മൊഴി നൽകിയിരുന്നത്.

സംഭവദിവസം പുലർച്ചെ മൂന്നിനു പാലു കുടിക്കാതിരുന്നതിനാൽ പുറത്തിറക്കി നിർത്തുകയും പിന്നീട് കാണാതാകുകയും ചെയ്തുവെന്നും വെസ്‌ലിയുടെ മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ കുട്ടിക്ക് ഇത്തരത്തിലുള്ള യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് അനാഥാലയ ഉടമ ബബിതാ കുമാരി പറഞ്ഞു. ദത്തെടുക്കാനെത്തിയപ്പോൾ ഇരുവര്‍ക്കും കുഞ്ഞിനോടു വലിയ സ്നേഹമായിരുന്നു. ഇവിടെ ആയിരുന്നപ്പോൾ പാലു കുടിക്കാനോ കഴിക്കാനോ അവൾക്ക് പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഈ സ്ഥാപനം ഒന്നരമാസം മുൻപ് അടച്ചുപൂട്ടിയിരുന്നു. ബിഹാറിലെ നളന്ദയിലെ മദർ തെരേസ അനാഥ് സേവ ആശ്രമത്തിൽനിന്നു രണ്ടുവർഷം മുൻപാണ് എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്.

കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിൻ മാത്യൂസ് എന്നു മാറ്റുകയും ചെയ്‌തു. ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. ഇതേത്തുടർന്ന് മൊഴി മാറ്റിയ വെസ്‌ലി, കുഞ്ഞിനെ ദേഹോപദ്രവം ഏൽപിച്ചതായി പൊലീസിനോടു സമ്മതിച്ചു. നിർബന്ധിച്ചു പാലു നൽകിയപ്പോൾ ശ്വാസതടസ്സമുണ്ടായ ഷെറിൻ മരിച്ചെന്നു കരുതി സ്ഥലത്തുനിന്നു മാറ്റിയെന്നും പിന്നീട് കലുങ്കിനടിയിൽ ഒളിപ്പിച്ചെന്നുമായിരുന്നു മൊഴി. എന്നാൽ കുഞ്ഞിനു ശ്വാസതടസ്സമുണ്ടായപ്പോള്‍ നഴ്സായ സിനിയുടെ സഹായം തേടാത്തത് സംശയമുയർത്തുന്നുണ്ട്. മൊഴികളിലെ വൈരുധ്യവും കുഞ്ഞിനെ ഉപദ്രവിച്ചു എന്ന കുറ്റസമ്മതവും മൂലം വെസ്‍ലിയെ വീണ്ടും അറസ്റ്റു ചെയ്തു റിച്ചർഡ്സൺ സിറ്റി ജയിലിലടച്ചിരിക്കുകയാണ്. സിനിയെ ചോദ്യംചെയ്യാൻ പൊലീസ് അനുമതി തേടിയെങ്കിലും അവർ സഹകരിക്കുന്നില്ല. അതേസമയം, വെസ്‌ലിയുടെയും സിനിയുടെയും നാലു വയസ്സുള്ള സ്വന്തം മകൾ യുഎസ് നിയമപ്രകാരം ഇപ്പോൾ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്.