ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാ​സ്ത്ര​ജ്ഞ​ര്‍; കണ്ടെത്തൽ ഇങ്ങ് ഇന്ത്യയിൽ തന്നെ

single-img
26 October 2017

ന്യൂഡല്‍ഹി: 15 കോടി വര്‍ഷം പഴക്കമുള്ള ഉരഗത്തിന്റെ ഫോസില്‍ ഇന്ത്യയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സമുദ്രത്തില്‍ ജീവിച്ചിരുന്ന ഡോള്‍ഫിനെപ്പോലെയുള്ള ഉരഗങ്ങളുടെ ഫോസിലുകള്‍ ഇന്ത്യയില്‍ നിന്നു ലഭിച്ചതായി പ്ലോസ് വണ്‍ ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വ്യക്തമാക്കുന്നത്.

ഗുജറാത്തില്‍ കണ്ടെത്തിയ ഇക്തിയോസറിന്റെ ഫോസിലിന് 15.2 കോടി വര്‍ഷം പഴക്കമുണ്ടെന്നും ശാ​സ്ത്ര​ജ്ഞ​ര്‍ പറയുന്നു. ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ജുറാസിക് ഇക്തിയോസറിന്റെ ഫോസില്‍ കണ്ടെടുക്കുന്നത്. കുച്ച് മരുഭൂമിയില്‍ പരിശോധിക്കുന്നതിനിടെയാണ് പ്രഫ. ഗുണ്ടുപള്ളി. വി.ആര്‍.പ്രസാദിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ കല്ലില്‍ കുടുങ്ങിക്കിടക്കുന്ന ഫോസിലുകള്‍ കണ്ടെത്തിയത്.

5.5 മീറ്റര്‍ നീളമുള്ള ഫോസിലിന്റെ തലയുടെ ഒരു ഭാഗവും വാലിലെ ചില അസ്ഥികളും നഷ്ടപ്പെട്ടുവെന്ന് ഗവേഷകര്‍ പറഞ്ഞു. അസ്ഥികൂടം കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. മധ്യ ട്രയാസ്സിക് മുതല്‍ അന്ത്യ ക്രിറ്റേഷ്യസ് കാലം വരെ ജീവിച്ചിരുന്ന ഒരു വലിയ സമുദ്ര ഉരഗങ്ങളുടെ ജീവശാഘാ ആണ് ഇക്തിയോസര്‍.

ഡോള്‍ഫിനെ പോലെ ഉള്ള തലയും നീണ്ട മുഖവും ഉണ്ടായിരുന്ന ഇവയ്ക് ഏകദേശം 40 കിലോമീറ്റര്‍ വേഗത്തില്‍ നീന്താന്‍ കഴിഞ്ഞിരുന്നെന്നും പ്ലാസ് വണ്‍ ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.