പോലീസ് കാടത്തം; ഓട്ടോയെന്നു കരുതി പോലീസ് ജീപ്പിനു കൈ കാട്ടിയ വയോധികനു പോലീസിന്റെ ക്രൂരമര്‍ദ്ദനം, കൂടാതെ കൈയ്യിൽ ഉണ്ടായിരുന്ന 4500 രൂപയും അപഹരിച്ചു

single-img
26 October 2017

തൊടുപുഴ: ഓട്ടോയെന്നു കരുതി പോലീസ് ജീപ്പിനു കൈ കാട്ടിയ വയോധികനു പോലീസിന്റെ ക്രൂരമര്‍ദ്ദനം. മണക്കാട് മാടശേരില്‍ മാധവനാണ് (64) മര്‍ദനമേറ്റത്. അടിയേറ്റ് ഇടതു കണ്ണിനു പരുക്കുണ്ട്.

രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്നു ഇന്നലെ രാത്രിയില്‍ തൊടുപുഴ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. വാഹനം കാത്തു നില്‍ക്കുമ്പോഴാണു പോലീസ് ജീപ്പ് എത്തിയത്. ഓട്ടോയാണെന്നു കരുതി മാധവന്‍ കൈ കാണിക്കുകയായിരുന്നു.

വാഹനം നിര്‍ത്തിയ പോലീസുകാര്‍ അസഭ്യം പറഞ്ഞ ശേഷം ജീപ്പിലിട്ടും പിന്നീടു ലോക്കപ്പിലിട്ടും മര്‍ദിച്ചെന്നാണു മാധവന്റെ പരാതി. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിനു സ്റ്റേഷനില്‍ നിന്നു വിട്ടയച്ചു. കയ്യിലുണ്ടായിരുന്ന 4500 രൂപയും പോലീസുകാര്‍ കൈക്കലാക്കിയെന്നും
വീട്ടിലേക്കു പോകാന്‍ ഒരു വനിതാ പോലീസ് 50 രൂപ നല്‍കുകയായിരുന്നെന്നും മാധവന്‍ പരാതിയില്‍ പറയുന്നു.