ഉപഭോക്തൃ സംരക്ഷണത്തിനാണ് തന്റെ സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്ന് മോദി

single-img
26 October 2017

ന്യൂഡല്‍ഹി: ഉപഭോക്തൃ സംരക്ഷണത്തിനാണ് തന്റെ സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമനിര്‍മാണം പരിഗണനയിലുണ്ട്, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജിഎസ്ടി പുതിയൊരു വ്യാപാര സംസ്‌കാരത്തിനു രൂപം നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടിയുടെ ഏറ്റവും വലിയ ഗുണം അനുഭവിക്കുക ഉപഭോക്താക്കളാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിലൂടെ വില കുറയുമെന്നും ഇതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്കു ലഭിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള പുതിയ നിയമം രൂപകല്‍പ്പന ചെയ്തുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ പ്രധാന പരിഗണന ഉപഭോക്താക്കളുടെ സംരക്ഷണമാണെന്നും മോദി വ്യക്തമാക്കി.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിര നിയമം കര്‍ശനമാക്കും. ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ പരസ്യങ്ങളെ സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. പരസ്യങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. പെട്ടെന്നുള്ള നിയമ നടപടികള്‍ക്കായി എക്‌സിക്യൂട്ടീവ് അധികാരമുള്ള ഒരു സെന്‍ട്രല്‍ ഉപഭോക്തൃ സംരക്ഷണ അഥോറിറ്റിയെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 1986 മാറ്റി 2015ലെ യുഎന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ നിയമം രൂപകല്‍പ്പന ചെയ്യുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.