ഏമാനായാലും പൊക്കിയിരിക്കും ! ഔദ്യോഗിക വാഹനത്തില്‍ മദ്യലഹരിയില്‍ വിലസിയ ഐജിയെയും ഡ്രൈവറെയും കയ്യോടെ പൊക്കി കീഴുദ്യോഗസ്ഥന്‍

single-img
26 October 2017

കൊല്ലം: ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ചെത്തിയ ഐ ജിയും ഡ്രൈവറും പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് മദ്യപിച്ച് ഔദ്യോഗിക വാഹനത്തിലെത്തിയ ക്രൈംബ്രാഞ്ച് ഐ.ജി ജയരാജന്‍, ഡ്രൈവര്‍ സന്തോഷ് എന്നിവരെയാണ് അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച വൈകീട്ട് നാലോടെ കൊല്ലം അഞ്ചല്‍ തടിക്കാട് റോഡില്‍ പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം.

ഐ.ജിയുടെ ഔദ്യോഗിക വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ട പൊലീസ് അടുത്ത് ചെന്ന് വിവരമന്വേഷിച്ചപ്പോഴാണ് ഇരുവരും മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടത്. ഉടന്‍ തന്നെ സ്റ്റേഷനില്‍ നിന്ന് എസ്.ഐയും സംഘവുമെത്തി ഡ്രൈവര്‍ സീറ്റില്‍ നിന്ന് സന്തോഷിനെ ഒഴിവാക്കി. തുടര്‍ന്ന് വാഹനത്തോടൊപ്പം ഇരുവരേയും കൊല്ലം അഞ്ചല്‍ സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

പിന്നീട് ഐ.ജിയെ കൊട്ടാരക്കര റൂറല്‍ എസ്.പി ഓഫിസിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനയില്‍ ഇരുവരും മദ്യപിച്ചെന്ന് ബോധ്യമായി. മദ്യപിച്ച് വാഹനമോടിച്ചതിന് സന്തോഷിനെതിരെ കേസടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു.