മലയാളികളുടെ ഇഷ്ട മത്സ്യമായ ‘മത്തിയിൽ’ അജ്ഞാത രോഗമില്ല: വാട്സപ്പിൽ പ്രചരിക്കുന്ന വാർത്ത തെറ്റ്: സത്യാവസ്ഥ ഇതാണ്

single-img
26 October 2017

“മലയാളികളുടെ ഇഷ്ട മത്സ്യമായ മത്തിയിൽ അജ്ഞാത രോഗം, പ്രത്യക്ഷത്തിൽ മത്സ്യത്തിന്റെ മുട്ട പോലെ തോന്നിക്കും. പക്ഷേ സാധാരണ മത്തിക്ക് ഇതുപോലുള്ള മുട്ട ഉണ്ടാവാറില്ല… മത്തി വാങ്ങിക്കഴിക്കുന്ന ആളുകൾ സൂക്ഷിക്കുക… ഇത് മാക്സിമം ഷെയര്‍ ചെയ്യുക “.

ഇന്നലെ മുതൽ വാട്സാപ്പിൽ പ്രചരിക്കുന്ന മെസേജാണിത്. മസ്‌ക്കറ്റിൽ നിന്ന് പിടിച്ചു എന്നു അവകാശപ്പെട്ടുന്ന ഒരു മത്തിയുടെ കീറിയ ശരീരത്തിന്റെ ഉള്ളിൽ ഉള്ള വെള്ള തരികളുടെ ഫോട്ടോ കാണിച്ചു കൊണ്ടായിരുന്നു ഈ മെസേജ്ജ്‌ പ്രചരിച്ചിരുന്നത്..

എന്നാൽ ഈ വാർത്ത തെറ്റാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.. ഇതിന്റെ സത്യാവസ്ഥ ഇതാണ്. “മത്സ്യങ്ങളുടെ ഉള്ളിൽ വളരാവുന്ന അത്ര അപൂർവ്വം അല്ലാത്ത ഒരു പരാന്നജീവി അഥവാ പാരസൈറ്റ് ആയ ഗ്ലൂജിയ ആണ് ഫോട്ടോയിൽ കാണുന്ന ആ വെള്ള തരികൾ. കൃത്യമായി പറഞ്ഞാൽ Glugea sardinellensis. ഇവ മത്സ്യത്തിന്റെ കോശങ്ങളുടെ ഉള്ളിൽ ആണ് വളരുന്നത്. സാധാരണ തങ്ങളുടെ ചുറ്റം ഒരു ഗോളാകൃതിയിൽ ഒരു കവചമായി മത്സ്യത്തിന്റെ കോശത്തെ മാറ്റി എടുക്കും. ഇത് ആണ് വെള്ളതരിയായി നമ്മൾ കാണുന്നത്, 1-16 മില്ലിമീറ്റർ വരെ വലിപ്പം വരാം. ഇങ്ങനെയുള്ള ഭാഗത്തെ സെനോമാ ( xenoma ) എന്നാണ് വിളിക്കുന്നത്.

ഒത്തിരി മത്സ്യങ്ങൾ കൂട്ടമായി വളരുന്ന അവസ്ഥയിൽ ഇവയുടെ വ്യാപനം കൂടി ഇരിക്കും. ഗ്ലൂജിയ ബാധിച്ച മത്സ്യത്തെ വൃത്തിയായി കഴുകി നന്നായി വേവിച്ചു കഴിക്കുന്നത് വഴി മനുഷ്യനിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടർമാർ പറയുന്നു.

അപ്പോൾ ചുരുക്കി പറഞ്ഞാൽ മത്തിയെ ബാധിച്ചത് അത്‌ഭുത രോഗവുമല്ല. അതു കൊണ്ട് വ്യാജവാർത്ത കണ്ട് ആരും ഇനി മത്തി തിന്നാതിരിക്കരുത്.

കടപ്പാട്: ഇ ജേണൽ