കേരളത്തിന് ശീതീകരിച്ച ആരാധനാലയങ്ങള്‍ അല്ല വേണ്ടത്, സമ്പത്ത് കുന്നുകൂടുന്നു: എ.കെ. ആന്റണി

single-img
26 October 2017

കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ സമ്പത്ത് കുന്നുകൂടുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ശീതീകരിച്ച ആരാധനാലയങ്ങള്‍ കേരളത്തിന് ആവശ്യമില്ലെന്നും അദ്ദേഹം ഒരു പൊതുപരിപാടിയില്‍ പറഞ്ഞു. കൊച്ചിയില്‍ പൊതുചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആരാധനാലയങ്ങളുടെ നടത്തിപ്പുകാര്‍ അനാവശ്യ ചെലവുകള്‍ കുറയ്ക്കണം. കണക്കില്ലാത്ത സമ്പത്താണ് വിശ്വാസത്തിന്റെ പേരില്‍ ആരാധനാലയങ്ങളില്‍ എത്തുന്നത്. അതുമുഴുവല്‍ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്നും ആന്റണി പറഞ്ഞു.

കോടികള്‍ മുടക്കിയാണ് ആരാധനാലയങ്ങള്‍ പുനരുദ്ധരിക്കുന്നത്. അതിന്റെ ആവശ്യമുണ്ടോ. ഈ സമ്പത്ത് നല്ല മാര്‍ഗത്തില്‍ ചെലവഴിച്ചുകൂടെ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളള്‍ക്ക് ഇത്തരം സമ്പത്തുകള്‍ ഉപയോഗിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും ഇതില്‍പ്പെടുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസില്‍ ഇല്ല. കെപിസിസി പട്ടിക സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഉടന്‍ ഇല്ലാതാകും. ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഏതെങ്കിലും മന്ത്രിക്കെതിരേ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ നടപടി എടുക്കണമെന്നും ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ബിജെപി വിരുദ്ധ പ്രകടനം നാടകമാണ്. അവരുടെ പ്രവൃത്തികള്‍ ബിജെപിക്ക് അനുകൂലമാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ബിജെപിയെ മുഖ്യ പ്രതിപക്ഷമാക്കാന്‍ സിപിഎമ്മിലെ ഒരു പ്രബല വിഭാഗം ശ്രമിക്കുന്നുണ്ടെന്നും ആന്റണി പറഞ്ഞു.