മധ്യപ്രദേശിലെ റോഡുകള്‍ അമേരിക്കയെക്കാള്‍ നല്ലതാണെന്ന് ശിവരാജ് സിങ് ചൗഹാന്‍; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

single-img
25 October 2017

അമേരിക്കയിലെ റോഡിനേക്കാള്‍ മികച്ചത് തന്റെ സംസ്ഥാനമായ മധ്യപ്രദേശിലെ റോഡുകളാണെന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രസ്താവനയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. സംസ്ഥാനത്തേക്ക് നിക്ഷേപകരെ ക്ഷണിക്കാനായി ആറ് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ചൗഹാന്റെ പ്രസംഗം.

മധ്യപ്രദേശില്‍ താന്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ പരിതാപകരമായിരുന്നു. എന്നാല്‍ അധികാരത്തില്‍ ഏറിയ ശേഷം ആദ്യ പരിഗണന റോഡുകള്‍ നിര്‍മിക്കാനായി നല്‍കുകയായിരുന്നു. ഇന്ന് സംസ്ഥാനത്ത് 1.75 ലക്ഷം കിലോമീറ്ററില്‍ വിശാലമായ റോഡ് സൗകര്യമുണ്ടെന്നും ഗ്രാമപ്രദേശങ്ങളില്‍ അടക്കം ഇത് വലിയ സ്വാധീനമുണ്ടാക്കിയെന്നുമായിരുന്നു ചൗഹാന്റെ പ്രസ്ഥാവന.

6.58 മില്യണ്‍ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലുതും നീളമേറിയതുമായ റോഡ് നെറ്റ് വര്‍ക്കായ യു.സിലെ റോഡുകളെകുറിച്ചായിരുന്നു ചൗഹാന്റെ വിമര്‍ശനം. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ഒരു സംസ്ഥാനത്തിനും വികസിക്കാന്‍ കഴിയില്ലെന്നും ചൗഹാന്‍ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് രൂക്ഷ വിമര്‍ശനുമായി ചൗഹാനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. മധ്യപ്രദേശിലെ തകര്‍ന്ന റോഡുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ട്വിറ്ററില്‍ ട്രോളുകളെത്തിയത്. 2016 ആഗസ്റ്റില്‍ മധ്യപ്രദേശിലെ വെള്ളപ്പൊക്ക ദുരിതബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ചൗഹാനെ ഷൂ നനയാതിരിക്കാനായി സെക്യൂരിറ്റി ജീവനക്കാര്‍ താങ്ങിയെടുത്ത് കൊണ്ടുപോകുന്ന ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നണ്ട്.

മധ്യപ്രദേശിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ഇത് യു.എസിലെ റോഡിന്റെ ചിത്രമാണെന്നും യു.എസുകാര്‍ മധ്യപ്രദേശ് റോഡിനെ കണ്ടുപഠിക്കണമെന്നുമാണ് ട്രോളന്മാരുടെ പരിഹാസം. ഭോപ്പാലിലെ ദീനദയാല്‍ ചൗക്കിന്റെ ആകാശക്കാഴ്ചയെന്ന് പറഞ്ഞ് യു.എസിലെ ജോര്‍ജിയയിലെ റോഡിന്റെ ചിത്രം ഷെയര്‍ ചെയ്താണ് മറ്റൊരാള്‍ ചൗഹാനെ കളിയാക്കിയത്.

വാഷിങ്ടണ്ണിലെ പ്രധാന നഗരം എന്നുപറഞ്ഞുകൊണ്ട് മധ്യപ്രദേശിലെ പശുക്കള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ചിത്രങ്ങളും ഇന്‍ഡോര്‍ഭോപ്പാല്‍ അണ്ടര്‍ഗ്രൗണ്ട് ഹൈവെ എന്ന് പറഞ്ഞ് യു.എസിലെ അറ്റ്‌ലാന്റയിലെ ടോം മോര്‍ലാന്റ് ഇന്റര്‍ചേഞ്ചിന്റെ ചിത്രവും ഷെയര്‍ ചെയ്ത് ചൗഹാനെ ട്രോളുന്നവരുമുണ്ട്.