ഇന്ത്യ മുഴുവന്‍ ബുള്ളറ്റില്‍ പര്യടനം നടത്തിയ സന ഇഖ്ബാലിന്റെ മരണം കൊലപാതകമോ ?

single-img
25 October 2017

ഹൈദരാബാദ്: വിഷാദത്തിനും ആത്മഹത്യാ പ്രവണതയ്ക്കും എതിരെയുള്ള ബോധവത്കരണം ലക്ഷ്യമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ബുള്ളറ്റില്‍ ഒറ്റയ്ക്ക് പര്യടനം നടത്തിയതിലൂടെ ശ്രദ്ധേയയായ സന ഇഖ്ബാല്‍(29) കാര്‍ അപകടത്തില്‍ മരിച്ചു.

ഭര്‍ത്താവിനൊപ്പം പോകവെ ഹൈദരാബാദില്‍ വച്ച് പുലര്‍ച്ചെ നാലോടെ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഭര്‍ത്താവ് നദീമാണു കാര്‍ ഓടിച്ചിരുന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സന ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. ഭര്‍ത്താവ് അബ്ദുള്‍ നദീം ചികിത്സയിലാണ്.

അതേസമയം, സനയുടേത് അപകടമരണമല്ലെന്നും ഭര്‍ത്താവ് അബ്ദുല്‍ നദീം നടത്തിയ ആസൂത്രിത കൊലപാതകമാണെന്നും അമ്മ ആരോപിച്ചു. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്നു സനയെ പീഡിപ്പിച്ചിരുന്നതായും അമ്മ പറയുന്നു.

നദീമും അമ്മയും നടത്തുന്ന പീഡനത്തെക്കുറിച്ചു സന സുഹൃത്തുക്കള്‍ക്ക് എഴുതിയെന്നു പറയപ്പെടുന്ന ഇമെയില്‍ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. താന്‍ ഹൃദയാഘാതം മൂലമോ എന്തെങ്കിലും ഷോക്ക് മൂലമോ മറ്റോ മരിച്ചാല്‍ അതിനു കാരണക്കാര്‍ നദീമും അമ്മയുമാണെന്നു സന്ദേശത്തില്‍ പറയുന്നു.

അതേസമയം സനയുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.