ബാങ്ക് അക്കൗണ്ടില്‍ പണം കൂടി; പള്‍സര്‍ സുനിയുടെ അമ്മയെ പോലീസ് ചോദ്യം ചെയ്തു

single-img
25 October 2017

പെരുമ്പാവൂര്‍: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍സുനിയുടെ അമ്മയേയും ബന്ധുവിനെയും പോലീസ് ചോദ്യം ചെയ്തു. ബാങ്ക് അക്കൗണ്ടില്‍ നിലവിലുണ്ടായിരുന്ന പണത്തിന് പുറമേ സുനി അറസ്റ്റിലായ ശേഷം അരലക്ഷം രൂപയുടെ വര്‍ദ്ധനവ് ഉണ്ടായതായുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതേക്കുറിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍.

അമ്മ ശോഭനയേയും ഇവരുടെ സഹോദരിയുടെ മകന്‍ വിഷ്ണുവിനെയുമാണ് മുഖ്യ അന്വേഷകന്‍ സി ഐ ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കുടുംബശ്രീയില്‍ നിന്നും ലോണെടുത്തതും സ്വന്തമായി നടത്തിയിരുന്ന ചിട്ടിയില്‍ നിന്ന് പിരിഞ്ഞുകിട്ടിയ തുകയുമാണ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നത് എന്നായിരുന്നു നേരത്തെ ഇതു സംബന്ധിച്ച് ശോഭന പൊലീസിന് നല്‍കിയ വിശദീകരണം.

എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ലന്നാണ് ഇന്നലെ ശോഭന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ നിന്നും വ്യക്തമാവുന്നത്. താന്‍ ചെറിയ പലിശക്ക് പണം നല്‍കാറുണ്ടെന്നും ഇത്തരത്തില്‍ 90000 രൂപ ഒരാള്‍ക്ക് നല്‍കിയിരുന്നെന്നും ഇയാള്‍ മടക്കി നല്‍കിയ 50000 രൂപയാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നതെന്നുമാണ് ഇന്നലെ നടന്ന തെളിവെടുപ്പില്‍ ശോഭന പൊലീസിനോട് പറഞ്ഞതെന്നാണ് സൂചന. ഇത് പ്രകാരം ശോഭന പണം നല്‍കിയെന്ന് പറയപ്പെടുന്ന ആളെ അന്വേഷകസംഘം ഫോണില്‍വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു.

താന്‍ അന്‍പതിനായിരം രൂപ ശോഭനക്ക് നല്‍കിയെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. തുക നല്‍കിയ തീയതിയും വ്യക്തമാക്കി. ഇത് അറിഞ്ഞതോടെ ഇത്തരത്തില്‍ നടന്ന മുഴുവന്‍ ഇടപാടുകളുടെയും വിവരങ്ങളും നല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ശോഭനയോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഇത് കൈവശമില്ലന്നായിരുന്നു ശോഭനുടെ നിലപാട്. ഓരോരുത്തരുടെയും ഇടപാട് പൂര്‍ത്തിയാവുമ്പോള്‍ രേഖപ്പെടുത്തുന്ന പേപ്പര്‍ നശിപ്പിച്ചുകളയാറാണ് പതിവെന്നും വന്‍തോതില്‍ തനിക്ക് ഇത്തരത്തിലുള്ള പണമിടപാടുകള്‍ ഇല്ലായിരുന്നെന്നും ഇവര്‍ പറഞ്ഞു.

അതേസമയം ഇടപാടുകള്‍ക്കായി ബാങ്കില്‍ എത്തുമ്പോള്‍ സ്ലിപ്പുകള്‍ സ്വയം പൂരിപ്പിക്കാതെ മറ്റുള്ളവരെക്കൊണ്ട് പൂരിപ്പിക്കുകയാണ് ശോഭനയുടെ പതിവ്. ഈ നടപടിയിലും പൊലീസ് വിശദീകരണം തേടി. ബാങ്കിലെ പണമിടപാടുകള്‍ക്കുള്ള സ്ലിപ്പുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുമുതല്‍ താന്‍ ഇത്തരത്തിലാണ് പൂരിപ്പിച്ചിരുന്നതെന്നായിരുന്നു ഇതിനുള്ള ഇവരുടെ മറുപടി. എന്നാല്‍ ശോഭനയുടെ ഈ വിശദീകരണങ്ങളൊന്നും തന്നെ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ലൊണ് റിപ്പോര്‍ട്ട്.

ശോഭനയുടെ കൈയക്ഷരം ഉറപ്പിക്കാന്‍ ഇവരെക്കൊണ്ട് പേപ്പറില്‍ എഴുതിച്ചതായും സൂചനയുണ്ട്. ശോഭനയുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നത് പള്‍സറാണോ എന്ന സംശയം പൊലീസിനുണ്ട്. ഇതുറപ്പിക്കാനാണ് കൈയക്ഷരം എഴുതിച്ചത്. നേരത്തെ കോടതിയില്‍ ഇവര്‍ രഹസ്യമൊഴി നല്‍കിയിരുന്നു.

പൊലീസ് നേരത്തെ ഇവരില്‍ നിന്നും പ്രഥമീക വിവരങ്ങള്‍ ശേഖരിച്ചിരുന്നെങ്കിലും പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത് ഇത് ആദ്യമായാണ്.