”ഭക്ഷണമില്ല, വെള്ളമില്ല; മരിച്ചുപോകുമെന്ന് തോന്നുന്നു”: മരുഭൂമിയില്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെ സഹായം ചോദിച്ച ആ പ്രവാസി യുവാവിനെ രക്ഷപ്പെടുത്തി

single-img
25 October 2017

കഴിഞ്ഞ ഒരാഴ്ചയായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു വീഡിയോ ആരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു. ജോലി തേടി റിയാദില്‍ എത്തിയ ഒരു യുവാവിനെ ട്രാവല്‍ ഏജന്‍സികള്‍ പറ്റിച്ച് മരുഭൂമിയില്‍ എത്തിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് താന്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് ഈ യുവാവ് ഒരു വിഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

‘അബാസ് ഇക്ക ഞാനിപ്പോള്‍ മെസ്‌റയിലാണ്. രണ്ടുദിവസമായി ഭക്ഷണമില്ല, പച്ചവെള്ളമില്ല, പല്ലുപോലും തേച്ചിട്ടില്ല, മരിച്ചുപോകുമെന്ന് തോന്നുന്നു. എന്റെ ട്രാവല്‍ ഏജന്‍സികള്‍ ഒറ്റയ്ക്കാക്കി പോയതാണ്. വിശന്നിട്ട് കണ്ണുകാണുന്നില്ല.

കൊടുംചൂടാണ് തലകറങ്ങുന്നു, എന്റെ പെണ്ണിനോട് ഇതൊന്നും പറയേണ്ട. എത്രനാള്‍ ഇത് അനുഭവിക്കണമെന്ന് അറിയില്ല. എങ്ങനെയെങ്കിലും ആ ട്രാവല്‍ ഏജന്റുമാരെ കണ്ടുപിടിക്കണം. എന്നായിരുന്ന വീഡിയോ.

ഈ വിഡിയോ കണ്ട സാമൂഹികപ്രവര്‍ത്തകരാണ് യുവാവിനെ കണ്ടെത്തിയത്. ലെതീഫ് തെച്ചി എന്ന വ്യക്തി മുന്‍കൈ എടുത്തതോടെ ഒറ്റക്കെട്ടായി പ്രവാസികള്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ നരകയാതനയില്‍ നിന്നും മോചിതനാക്കിയത്.

പാലക്കാട് ഷാനി മന്‍സിലില്‍, പൂവക്കാട്, പുതുപ്പള്ളി നിവാസിയാണ് ഹൗസ്‌ഡ്രൈവറാണ് ഈ ഇരുപത്തിമൂന്നുകാരന്‍. ഇന്ത്യന്‍ എംബസിയുമായും സ്‌പോണ്‍സറുമാരുമായും ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ നിഷാദിനെ നാട്ടിലെത്തിക്കാനുള്ള വഴി തുറന്നിരിക്കുകയാണ്. താമസിയാതെ നാട്ടിലെത്തുമെന്നാണ് വിവരം.