ക്രിക്കറ്റ് പിച്ചും വില്‍പ്പനയ്ക്ക്; ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം നടക്കുന്ന പിച്ചിന്റെ വിവരങ്ങള്‍ പുറത്തുവിട്ട ക്യൂറേറ്റര്‍ ഒളികാമറ കെണിയില്‍ കുടുങ്ങി

single-img
25 October 2017

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം നടക്കുന്ന പൂനെ പിച്ചിന്റെ വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുര്‍ന്നു ക്യൂറേറ്റര്‍ പാണ്ടുരംഗ് സാല്‍ഗാവോന്‍കറിനെ ബിസിസിഐ സസ്‌പെന്‍ഡു ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും അറിയിച്ചു.

ഇന്ന് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാമത്തെ ഏകദിന മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മുന്‍ മഹാരാഷ്ട്ര ബൗളറും മഹാരാഷ്ട്ര രഞ്ജി ട്രോഫി ചീഫ് സെലക്ടറുമായ പാണ്ഡുരംഗ് സാല്‍ഗോന്‍കര്‍ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍മാരുടെ ഒളികാമറ കെണിയില്‍ കുടുങ്ങുകയായിരുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ അനുസരിച്ച് പിച്ച് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ ഇയാളെ സമീപിച്ചത്. താന്‍ തയ്യാറാക്കിയ പിച്ചില്‍ ഉയര്‍ന്ന സ്‌കോറായിരിക്കുമെന്ന് ഒരു കാറില്‍ ഇരുന്ന് സാല്‍ഗോന്‍കര്‍ പറയുന്നു. വളരെ നല്ല പിച്ചാണിത്, തീര്‍ച്ചയായും 337 റണ്‍സെടുക്കാനും പിന്തുടരാനും കഴിയുന്ന പിച്ചായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു ദിവസം മുമ്പ് കാണിച്ചുതന്ന അതേ പിച്ച് തന്നെയാണോ എന്ന് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു മറുപടി. പിച്ച് പരിശോധിക്കാന്‍ ഇതുവരെ ആരെയും അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം റിപ്പോര്‍ട്ടറോട് പറയുന്നു. ബി.സി.സി.ഐ ക്യുറേറ്റര്‍ക്കൊപ്പമാണ് പിച്ച് തയ്യാറാക്കിയതെന്നും അദ്ദേഹം പറയുന്നുണ്ട്.

ബുക്കികളുടെ വേഷത്തിലെത്തിയ റിപ്പോര്‍ട്ടര്‍മാരെ പുണെ പിച്ച് കാണാന്‍ അനുവദിച്ചത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതേത്തുടര്‍ന്നാണ് സാല്‍ഗോന്‍ക്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. പിച്ച് റിപ്പോര്‍ട്ട് ക്യൂറേറ്റര്‍ തന്നെ ഇടനിലക്കാരന് വെളിപ്പെടുത്തി കൊടുക്കുന്ന ദൃശ്യങ്ങള്‍ ബിസിസിഐക്ക് നാണക്കേടായിട്ടുണ്ട്.