ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ഐഎസ് ഭീഷണി; രക്തം കരയുന്ന മെസ്സിയുടെ ചിത്രം പുറത്തുവിട്ട് തീവ്രവാദികള്‍

single-img
25 October 2017

മോസ്‌കോ: 2018 ലെ ഫിഫ ലോകകപ്പ് ഫുട്ബാളിനും അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്കും ഐഎസ് ഭീഷണി. അഴിക്ക് പിറകില്‍, കണ്ണില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ മെസ്സി നില്‍ക്കുന്ന ചിത്രമടക്കമാണ് ഭീഷണി.

നിഘണ്ടുവില്‍ പോലും പരാജയമില്ലാത്തെ ഒരു രാഷ്ട്രത്തിനെതിരെയാണ് നിങ്ങള്‍ യുദ്ധം ചെയ്യുന്നത് എന്ന കുറിപ്പോടെയാണ് രക്തം കരയുന്ന മെസ്സിയുടെ ചിത്രം ഐഎസ് അനുകൂലികള്‍ പുറത്തുവിട്ടത്.

വാഫാ മീഡിയ ഫൗണ്ടേഷന്‍ എന്ന ഐ.എസ് അനുകൂല മീഡിയ ഗ്രൂപ്പാണ് പോസ്റ്റര്‍ ഇറക്കിയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പിനായി റഷ്യയിലേക്കെത്തുന്ന ഫുട്‌ബോള്‍ ആരാധകരെ ഭയപ്പെടുത്തുന്നതാണ് ചിത്രം.

ഐഎസ് അനുകൂലികള്‍ പുറത്തുവിട്ട മറ്റൊരു പോസ്റ്ററില്‍ ലോകകപ്പിന്റെ ലോഗോയോടൊപ്പം മുഖംമൂടി ധരിച്ച ഒരു ആയുധധാരി നില്‍ക്കുന്ന ചിത്രമാണുള്ളത്.

ഇതടക്കം ഭീഷണികള്‍ ഉയര്‍ത്തുന്ന നിരവധി ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വരുന്നുണ്ട്. അടുത്തവര്‍ഷം ജൂണ്‍ 14 മുതല്‍ ജൂലായ് 15 വരെയാണ് റഷ്യയിലെ 11 നഗരങ്ങളിലായി ലോകകപ്പ് നടക്കുന്നത്.