കേന്ദ്രവുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് മമതാ ബാനര്‍ജി: ‘ഫോണ്‍ വിച്ഛേദിച്ചോളൂ, ആധാറും ഫോണ്‍ നമ്പറും ബന്ധിപ്പിക്കില്ല’

single-img
25 October 2017

കൊല്‍ക്കത്ത: തന്റെ ഫോണ്‍ ആധാറുമായി ലിങ്ക് ചെയ്യില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇതിന്റെ പേരില്‍ തന്റെ കണക്ഷന്‍ നിര്‍ത്തലാക്കണമെങ്കില്‍ ആകാമെന്നും മമത പറഞ്ഞു. മാര്‍ച്ച് 23നകം എല്ലാ മൊബൈല്‍ ഫോണുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന ടെലികോം വിഭാഗത്തിന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ഏകാധിപത്യ രീതിയിലാണു നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണമെന്നു മമത ബാനര്‍ജി ആരോപിച്ചു. കേന്ദ്രത്തില്‍നിന്നു ബിജെപി സര്‍ക്കാരിനെ പുറത്താക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ണായക പങ്കുവഹിക്കുമെന്നും അവര്‍ വ്യക്തമാക്കി. പൗരന്‍മാരുടെ അവകാശങ്ങളിന്മേലും സ്വകാര്യതയിലും കൈ കടത്താനാണു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.

ആരും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കരുത്. എന്റെ മൊബൈല്‍ കണക്ഷന്‍ എടുത്തുകളഞ്ഞാലും ശരി, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രശ്‌നമില്ലെന്ന് മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.