വിവാദം കത്തിനില്‍ക്കെ ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി: ‘ടിപ്പു സുല്‍ത്താന്റേത് വീരചരമം’: പ്രസംഗത്തില്‍ ബി.ജെ.പിക്ക് അതൃപ്തി

single-img
25 October 2017

ടിപ്പു ജയന്തി ആഘോഷം സംബന്ധിച്ച് വിവാദം കത്തിനില്‍ക്കെ ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കര്‍ണാടക നിയമസഭയുടെ (വിധാന്‍ സൗധ) വജ്ര ജൂബിലി ആഘോഷത്തില്‍ സംയുക്ത സെഷനിലാണു രാഷ്ട്രപതിയുടെ പരാമര്‍ശം.

‘ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ടിപ്പു സുല്‍ത്താന്റേതു വീരചരമമായിരുന്നു. യുദ്ധത്തില്‍ ‘മൈസുരു റോക്കറ്റുകള്‍’ ഉപയോഗിച്ച അദ്ദേഹം വികസനകാര്യത്തില്‍ മുമ്പേ നടന്നു. മൈസുരു റോക്കറ്റുകളുടെ സാങ്കേതികവിദ്യ പിന്നീട് യൂറോപ്യന്മാര്‍ സ്വീകരിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.

ഹിന്ദുക്കളെ കൊന്നൊടുക്കുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ചെയ്തയാളായിരുന്നു ടിപ്പു എന്ന് ബി.ജെ.പി നേതാക്കള്‍ ആക്ഷേപിക്കുന്നതിനിടെയാണ് കോവിന്ദ് ടിപ്പുവിനെ സ്വാതന്ത്ര്യസമര നേതാവായും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച ആളായും ഉയര്‍ത്തിയത്.

പ്രഭാഷണം അവസാനിപ്പിച്ചയുടന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാഷ്ട്രപതിയെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഒരു പൗരന്‍ എന്ന നിലക്ക് കര്‍ണാടക നിയമസഭയെ അഭിസംബോധന ചെയ്ത രാഷ്ട്രപതിക്ക് അഭിനന്ദനം എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ രാഷ്ട്രപതിയുടെ ടിപ്പു പ്രസംഗം ബി.ജെ.പി പാളയത്തില്‍ ഇപ്പോള്‍ത്തന്നെ അസ്വാരസ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. രാഷ്ട്രപതിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.