പണം ഉണ്ടാക്കി വന്നാല്‍ വിവാഹം കഴിക്കാമെന്ന് കാമുകി; പ്രവാസ ജീവിതം മതിയാക്കി കാമുകന്‍ തിരികെയെത്തിയപ്പോള്‍ യുവതി കാലുമാറി; കൊല്ലത്ത് കാമുകിയെ വെട്ടിവീഴ്ത്തി യുവാവിന്റെ പ്രതികാരം

single-img
25 October 2017

കൊല്ലം: 6 വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം തന്നെ ചതിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകിയെ വെട്ടിവീഴ്ത്തി യുവാവിന്റെ പ്രതികാരം. കാമുകനായ പൂവറ്റൂരിലെ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പൂവറ്റൂര്‍ പടിഞ്ഞാറ് കച്ചേരിമുക്ക് സ്വദേശി രതീഷിനെ (28) തിരെയാണ് പുത്തൂര്‍ പൊലീസ് കേസെടുത്തത്.

പ്രവാസ ജീവിതം മതിയാക്കി കാമുകന്‍ തിരികെയെത്തിയപ്പോള്‍ വിവാഹം കഴിക്കാന്‍ സാധ്യമല്ലെന്ന് കാമുകി പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറഞ്ഞു. വെണ്ടാര്‍ സ്വദേശിനിയായ യുവതിയും കുടുംബവും രതീഷിന്റെ വീടിന്റെ സമീപ പ്രദേശത്ത് താമസത്തിന് എത്തിയത് ആറുവര്‍ഷം മുമ്പാണ്.

ഇതിനിടയിലാണ് യുവതിയും രതീഷും പ്രണയത്തിലാകുന്നത്. നാട്ടില്‍ കൂലിപ്പണിക്ക് പോയിരുന്ന രതീഷ് വിവാഹം കഴിക്കാനായാണ് ഗള്‍ഫില്‍ ജോലി തേടി പോയത്. അവധിക്ക് നാട്ടില്‍ വരുമ്പോള്‍ ഇരുവരുടേയും വീട്ടുകാരുടെ സമ്മതത്തോടെ ചുറ്റിക്കറങ്ങുകയും പതിവായിരുന്നു.

ഇത്തവണ അവധിക്ക് എത്തിയപ്പോള്‍ ഇനി തിരിച്ചു പോകുന്നില്ലെന്നും നിന്നെ കാണാതിരിക്കാന്‍ കഴിയുന്നില്ലെന്നും യുവതിയോട് പറഞ്ഞിരുന്നു. തിരികെ വിദേശത്തേക്ക് പോകാതെ നാട്ടില്‍ കഴിയവെ സുഹൃത്തുക്കളുമായി മദ്യപാനവും തുടങ്ങി. ഇതോടെ യുവതിയുടെ വീട്ടുകാര്‍ ഇവരുടെ ബന്ധത്തെ എതിര്‍ക്കുകയായിരുന്നു.

യുവതിയെ അകലെയുള്ള ബന്ധുവീട്ടിലേക്ക് വീട്ടുകാര്‍ മാറ്റുകയും ചെയ്തു. യുവാവ് കാമുകിയെ കാണാതായതോടെ വീട്ടിലെത്തി വഴക്കിട്ടതോടെ യുവതിയുടെ മാതാപിതാക്കള്‍ മകളെ രതീഷിന് വിവാഹം നടത്തി തരില്ലെന്ന് തീര്‍ത്തു പറഞ്ഞു. യുവതിയെ വിവാഹം കഴിപ്പിച്ചു നല്‍കിയില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നു രതീഷ് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

ഇതിനിടെയാണ് കാമുകി മുറച്ചെറുക്കനുമായി അടുപ്പത്തിലാണെന്ന വിവരം രതീഷ് അറിയുന്നത്. ഇതോടെ മാനസികമായി തകര്‍ന്ന കാമുകന്‍ യുവതിയെ വകവരുത്താന്‍ പദ്ധതിയിടുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി മുറച്ചെറുക്കനൊപ്പം ബന്ധുവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് വരുന്ന വഴി യുവതിയെ രതീഷ് വെട്ടിവീഴ്ത്തിയത്. ബൈക്കില്‍ വരികയായിരുന്ന യുവതിയുടെ തുടയിലാണ് വെട്ടു കൊണ്ടത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ രതീഷ് സ്ഥലം വിട്ടു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ രതീഷിനായി പുത്തൂര്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.