ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പണം തട്ടാന്‍ ശ്രമിച്ചു; ‘ഹാക്കര്‍ മോനെ’ പൊളിച്ചടുക്കി നടന്‍ ജയസൂര്യ

single-img
25 October 2017

ഫേസ്ബുക്കിലൂടെ പണം തട്ടാന്‍ ശ്രമം നടക്കുന്നെന്ന മുന്നറിയിപ്പുമായി നടന്‍ ജയസൂര്യ രംഗത്ത്. തന്റെ ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചെന്ന് താരം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സരിത ജയസൂര്യയുടെ വസ്ത്ര സ്ഥാപനത്തിലേക്കാണ് ഫോണ്‍ വിളിച്ച് തട്ടിപ്പിന് ശ്രമിച്ചത്. ഫെയ്‌സ്ബുക്ക് പേജില്‍ 25,000 രൂപ അടക്കാനുണ്ടെന്നും പേടിഎം വഴി ഇടപാട് നടത്തണം എന്നും ഒരാള്‍ ഫോണ്‍വിളിച്ച് ആവശ്യപ്പെടുകയായിരുന്നു.

ഫേസ്ബുക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഫോണ്‍ വിളിച്ചയാള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പ്രൊട്ടക്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടതായും താരം പറഞ്ഞു. എന്നാല്‍ തട്ടിപ്പാണെന്ന് സംശയം തോന്നിയതോടെ സരിത ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

തൊട്ടുപിന്നാലെ പേജ് ഹാക്ക് ചെയ്‌തെന്നും പണം തന്നില്ലെങ്കില്‍ അക്കൗണ്ട് തരില്ലെന്നും ഇയാള്‍ സന്ദേശം അയക്കുകയും ചെയ്തു. ഇയാള്‍ നിരവധി പേരുടെ അക്കൗണ്ട് ഇതുപോലെ ഹാക്ക് ചെയ്തിട്ടുളളതായി ജയസൂര്യ പറയുന്നു.

എന്തായാലും ഈ ഹാക്കര്‍ മോന്റെ നമ്പര്‍ ഒന്ന് സേവ് ചെയ്ത് വെച്ചോ അല്ലെങ്കില്‍ അടുത്തത് നിങ്ങടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കമെന്ന് പറഞ്ഞ് അയാളുടെ നമ്പര്‍ സഹിതമാണ് ജയസൂര്യയുടെ കുറിപ്പ്.