പുണെയില്‍ തിരിച്ചടി നല്‍കി ഇന്ത്യ: ന്യൂസിലാന്റിനെതിരായ രണ്ടാം ഏകദിനത്തിൽ ആറ് വിക്കറ്റിന്റെ വിജയം

single-img
25 October 2017

ന്യൂസിലാന്റിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് ആറ് വിക്കറ്റിന്റെ വിജയം. ന്യുസീലന്‍ഡ് മുന്നോട്ടുവെച്ച 231 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 24 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണർ ശിഖർ ധവാൻ (84 പന്തിൽ 68) ദിനേഷ് കാർത്തിക്ക് (92 പന്തിൽ 64) എന്നിവരുടെ അർധ സെഞ്ചുറി മികവിലാണ് ഇന്ത്യ വിജയ ലക്ഷ്യം നേടിയത്.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയും ന്യുസീലന്‍ഡും ഒപ്പത്തിനൊപ്പമെത്തി. ഇനി നിര്‍ണായകമായ മൂന്നാം ഏകദിനം ഞായറാഴ്ച്ച കാണ്‍പൂരില്‍ നടക്കും.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കിവികളുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ജസ്‌പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹൽ എന്നിവരടങ്ങിയ ഇന്ത്യൻ ബൗളിംഗ് നിര ന്യൂസിലൻഡിനെ ഒമ്പത് വിക്കറ്റിന് 230 റൺസിലൊതുക്കുകയായിരുന്നു. ന്യൂസിലാന്റ് നിരയിൽ 20 റൺസെടുത്ത മാർട്ടിൻ ഗുപ്‌ടിൽ, 10 റൺസുമായി കൊളിൻ മൺറോ, മൂന്ന് റൺസെടുത്ത ക്യാപ്‌ടൻ കെയ്ൻ വില്ല്യംസൺ, 21 റൺസെടുത്ത റോസ് ടെയ്‌ലർ എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്‌ടപ്പെട്ടു.

പിന്നീട് അഞ്ചാം വിക്കറ്റിൽ ലാഥമും നിക്കോൾസും തമ്മിൽ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും അക്‌സർ പട്ടേലിന്റെ ബോളിൽ ലാതം പുറത്താവുകയായിരുന്നു. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ മൂന്നു വിക്കറ്റും ബുംറയും ചാഹലും രണ്ടും വീതം വിക്കറ്റെടുത്തു.

ചെറിയ വിജയ ലക്ഷ്യമായതിനാൽ വമ്പനടികൾക്കു മുതിരാതെ കളിച്ച ഇന്ത്യ 14 പന്തു ബാക്കി നിൽക്കെ ലക്ഷ്യം കാണുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്‌ടമായി. ഏഴു റൺസെടുത്ത ഓപ്പണർ രോഹിത് ശര്‍മ ടിം സൗത്തിയുടെ പന്തിൽ കോളിൻ മൺറോയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും ശിഖർ ധവാനും ചേർന്നു സ്കോർ മുന്നോട്ടു കൊണ്ടു പോയി. എന്നാൽ സ്കോർ 79ൽ നിൽക്കെ വിരാട് കോഹ്‍ലി പുറത്തായി. 29 പന്തിൽ 29 റൺസെടുത്ത കോഹ്‍ലി ഗ്രാന്റ്ഹോമിന്റെ പന്തിൽ ടോം ലാതമിന് ക്യാച്ച് നൽകി പുറത്തായി. ഓപ്പണർ ശിഖർ ധവാൻ അർധ സെഞ്ചുറി നേടി ഇന്ത്യൻ ബാറ്റിങിന് കരുത്തായി. ആദം മിലിന്റെ പന്തിൽ റോസ് ടെയ്‍ലർക്കു ക്യാച്ച് നൽകിയാണ് ധവാൻ പുറത്തായത്.

ദിനേഷ് കാർത്തിക്കും ഹാർദിക് പാണ്ഡ്യയും ചേർന്നു ഇന്ത്യൻ സ്കോർ 200 കടത്തി. എന്നാൽ നാൽപതാം ഓവറിൽ ഇന്ത്യയുടെ നാലാം വിക്കറ്റ് വീണു. 31 ബോളിൽ 30 റൺസെടുത്ത ഹാർദിക് പാണ്ഡ്യയെ മിച്ചൽ സാന്റ്നറുടെ പന്തിൽ ആദം മിൻ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പിന്നാലെയെത്തിയ എം.എസ് ധോണിയും ദിനേഷ് കാർത്തിക്കും ചേർന്നു ഇന്ത്യയുടെ വിജയ റൺസ് കുറിച്ചു.