മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് കളക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

single-img
25 October 2017

മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന് ടി.വി അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

തോമസ് ചാണ്ടി കുട്ടനാട്ടിലെ മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ടു നികത്തി പാര്‍ക്കിംഗ് പ്രദേശമാക്കിയെന്നും പൊതുവഴി കൈയേറി സ്വന്തം ഭൂമിയില്‍ ലയിപ്പിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 64 പേരുടെ അഞ്ച് സെന്റ് വീതമുള്ള പട്ടയ ഭൂമി കമ്പനി വാങ്ങി.

ഇതില്‍ പതിനൊന്നു ഇടപാടുകളുടെ ഭൂമി രേഖകള്‍ പരിശോധിച്ചു. 53 ഇടപാടുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പല ഇടപാടുകളുടേയും രേഖകള്‍ കാണാതായിട്ടുണ്ട്. അതിനാല്‍ പരിശോധന പൂര്‍ത്തിയാക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയല്ല കൈയേറിയത്. 2011ല്‍ ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍, എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ കളക്ടര്‍ വ്യക്തമാക്കി. പരിശോധന സംബന്ധിച്ച രേഖകളും കാണാതായിട്ടുണ്ട്. മുഴുവന്‍ പരിശോധനകളും പൂര്‍ത്തിയായ ശേഷം വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തേ സര്‍ക്കാറിന്റെ വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.