കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

single-img
25 October 2017

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം രാഷ്ട്രീയപ്രേരിതമാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തൃപ്തികരമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അനാവശ്യമെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ബിജെപി നിയന്ത്രണത്തിലുള്ള തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി സ്മാരക ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.

പരാതിയില്‍ പറഞ്ഞ ഏഴ് കേസുകളില്‍ അഞ്ചിലും കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. അഞ്ച് കേസുകളിലും പ്രതികളെ പിടികൂടാനായി. മറ്റു കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തെ കുറിച്ച് ആക്ഷേപവുമായി ഇതുവരെ ആരും സര്‍ക്കാരിനെ സമീപിച്ചിട്ടില്ല.

അന്വേഷണം തൃപ്തികരമാണ്. കേസുകള്‍ ഒരുമിച്ച് അന്വേഷിക്കേണ്ട സാഹചര്യമില്ല. കേസുകള്‍ വ്യത്യസ്ത സ്വഭാവമുള്ളതാണ്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള കൊലപാതകം പോലും രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രചരിപ്പിക്കുന്നു. ഹര്‍ജി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ഹര്‍ജി നേരത്തെ പരിഗണിക്കവെ കോടതി നിലപാട് ആരായുന്നതിന് മുന്‍പ് തന്നെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ അറിയിച്ചിരുന്നു. ഹര്‍ജിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എജിയും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഒരു ജില്ലയില്‍ മാത്രം എന്തുകൊണ്ടാണ് ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നതെന്ന് കോടതി ചോദിച്ചിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടാകുന്ന കൊലപാതകങ്ങള്‍ പോലും രാഷ്ട്രീയ കൊലപാതകങ്ങളായി ചിത്രീകരിക്കപ്പെടുകയാണെന്ന് എജി വിശദീകരിച്ചിരുന്നു. ഇതെ തുടര്‍ന്നായിരുന്നു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.