മകള്‍ കാമുകനൊപ്പം ഒളിച്ചോടി; ഫെയ്‌സ്ബുക്ക് ലൈവിലൂടെ മകളെ പഴിച്ച് പിതാവ് സ്വയം വെടിവെച്ചു മരിച്ചു

single-img
25 October 2017

‘ഞാന്‍ പോകുന്നു, വിട, നിന്റെ കാര്യം നിനക്ക് തന്നെ നോക്കാം. തന്നെ ഈ നിലയില്‍ മരിക്കാന്‍ പ്രേരിപ്പിച്ച മകള്‍ തന്റെ ശവം കാണാന്‍ പോലും വന്നേക്കരുത്’. മകള്‍ കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചതറിഞ്ഞ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആത്മഹത്യചെയ്ത ഒരച്ഛന്റെ വാക്കുകളാണിത്.

ആത്മഹത്യയുടെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മദ്ധ്യതുര്‍ക്കിയിലെ കെയ്‌സേരിയിലാണ് സംഭവം. മകള്‍ കാമുകനൊപ്പം ഒളിച്ചോടിയത് തന്റെ തെറ്റെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് ലൈവിലൂടെ അയ്ഹാന്‍ ഉസുന്‍ എന്ന പിതാവ് സ്വയം വെടിവെച്ചു മരിച്ചത്.

ഒരു ഫോണ്‍കോളിലൂടെയാണ് മകള്‍ തന്റെ വിവാഹം നടന്ന കാര്യം അറിയിച്ചതെന്നും അത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഉസൂന്‍, ഫേസ്ബുക്കിലെ ലൈവ് ആത്മഹത്യക്കിടെ പറയുന്നു.

ലൈവ് സ്ട്രീമിനിടെ, ഉസൂനോട് ജീവനൊടുക്കരുതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല. ഇത് ലൈവ് സ്ട്രീം ചെയ്യുന്നത് തന്റെ അവകാശമാണെന്ന് പറഞ്ഞാണ് കൈത്തോക്കെടുത്ത് ഉസുന്‍ സ്വയം നിറയൊഴിക്കുന്നത്. ഉടന്‍ തന്നെ താഴേയ്ക്ക് വീഴുകയും ചെയ്യുന്നുണ്ട്. അതേസമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.