ചാനല്‍ ചര്‍ച്ചക്കിടെ മണ്ടത്തരം പറഞ്ഞ് അവതാരക ഉള്‍പ്പെടെ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച് ബിജെപി നേതാവ്; വീരവാദങ്ങളില്‍ നാണംകെട്ട് പാര്‍ട്ടി

single-img
25 October 2017

കൊച്ചി: ബി.ജെ.പി സ്ഥാപക നേതാവ് ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍ അയച്ച നടപടി വിവാദമായതോടെ ഇന്നലെ ചാനലുകളിലെ ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ടായിരുന്നു. എന്നാല്‍ മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റിലും ന്യൂസ് 18 ചാനലിന്റെ ചര്‍ച്ചയിലും പങ്കെടുത്ത ബിജെപി നേതാവ് ജെ ആര്‍ പത്മകുമാര്‍ ഇക്കാര്യത്തില്‍ ചരിത്രം പറഞ്ഞത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി.

രാഷ്ട്ര നിര്‍മ്മാണത്തില്‍ ദീനദയാല്‍ ഉപാധ്യായ വഹിച്ച പങ്ക് എന്താണെന്നാണ് കേരളത്തിലെ കുട്ടികള്‍ പഠിക്കേണ്ടത് എന്ന മനോരമ ചാനല്‍ അവതാരിക ഷാനിയുടെ ചോദ്യത്തിനുള്ള മറുപടി പറഞ്ഞ പത്മകുമാര്‍ വിചിത്രമായ വാദങ്ങളാണ് ഉന്നയിച്ചത്.

ദീനദയാല്‍ ഉപാധ്യായയുടെ ആശയങ്ങളില്‍ നിങ്ങള്‍ക്കുളള എതിര്‍പ്പ് എന്താണ് എന്ന ചോദ്യത്തോടെയാണ് ജെആര്‍ പത്മകുമാര്‍ പ്രതികരിച്ചത്. തുടര്‍ന്ന് ഇന്ത്യയുടെ രാഷ്ട്രനിര്‍മ്മാണത്തില്‍ കാറല്‍ മാര്‍ക്‌സ് ചെയ്ത കാര്യങ്ങള്‍ എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

മാര്‍ക്‌സിയന്‍ ഫിലോസഫി ഇവിടെ പഠിക്കുന്നില്ലെയെന്നും പത്മകുമാര്‍ ചോദിച്ചതോടെ ചര്‍ച്ചയ്ക്ക് പങ്കെടുക്കാനെത്തിയവരില്‍ ചിരി വിടരാന്‍ തുടങ്ങി. അപ്പോള്‍, മറ്റാരെയും അധിക്ഷേപിക്കാതെ താങ്കള്‍ക്ക് നേരീട്ട് താങ്കളുടെ രാഷ്ട്രീയ നേതാവിന്റെ പങ്കാളിത്തം എന്താണെന്ന് വിശദീകരിക്കാനുളള അവസരമാണ് താങ്കള്‍ മുസ്ലിം ലീഗിനെയും കാറല്‍ മാര്‍ക്‌സിനെയും പഴി ചാരി നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നതെന്ന് ഷാനി പത്മകുമാറിനെ ഓര്‍മ്മിപ്പിച്ചു.

ഭാരതത്തിന്റേതായ ഒരു തത്വസംഹിത ക്രോഡീകരിച്ചയാളാണ് ദീനദയാല്‍ ഉപാധ്യായയെന്നായിരുന്നു അതിനുള്ള പത്മകുമാറിന്റെ മറുപടി. തീര്‍ന്നില്ല, കമ്യൂണിസ്റ്റുകാര്‍ക്ക് സ്വാതന്ത്ര്യ സമരത്തില്‍ എന്ത് പങ്കാണ് ഉള്ളതെന്നും ബ്രിട്ടീഷുകാരുടെ കാശ് വാങ്ങി ഒറ്റിയത് കമ്യൂണിസ്റ്റുകാരണെന്നുമൊക്കെ പത്മകുമാര്‍ തട്ടി വിടാന്‍ തുടങ്ങി.

1963 ലെ റിപ്പബ്ലിക് പരേഡില്‍ പങ്കെടുത്ത ഏക രാഷ്ട്രീയ പ്രസ്ഥാനം രാഷ്ട്രീയ സ്വയം സേവക സംഘമാണ്. നെഹ്‌റുവാണ് പങ്കെടുപ്പിച്ചതെന്നും പത്മകുമാര്‍ പറഞ്ഞു. സ്വാതന്ത്യസമരത്തില്‍ പങ്കെടുത്തുവെന്ന കാരണത്താല്‍ ബ്രിട്ടിഷുകാരോട് മാപ്പ് അപേക്ഷിച്ച നേതാവ് ഏത് സംഘടനയിലാണ് എന്ന് അവതാരികയുടെ മറുചോദ്യം വന്നതോടെ അതുവരെ ചിരിയടക്കി നിന്ന പാനല്‍ അംഗങ്ങള്‍ പോലും പിടി വിട്ട് ചിരിക്കാന്‍ തുടങ്ങി.

എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇത് ചോദിക്കുന്നതെന്ന് പത്മകുമാര്‍ ചോദിച്ചു. നിങ്ങള്‍ പറയുന്നതു പോലെ ഒരു തവണയല്ല ആറ് തവണ വി.ഡി. സവര്‍ക്കര്‍ മാപ്പ് എഴുതി കൊടുത്തുവെന്നും അത് സവര്‍ക്കറുടെ ജീവിതദൗത്യം ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാട്ടമായതിനാലാണെന്നുമായിരുന്നു പത്മകുമാറിന്റെ വാദം.

ഓരോ തവണയും മാപ്പ് എഴുതി കൊടുത്തു തിരിച്ചു വന്നിട്ട് അദ്ദേഹം സ്വാതന്ത്യത്തിനു വേണ്ടി പോരാടുകയായിരുന്നുവെന്നും പത്മകുമാര്‍ പറഞ്ഞതോടെ കാര്യങ്ങള്‍ ചിരിക്ക് വഴി മാറുകയായിരുന്നു. പിന്നീട് ന്യൂസ് 18 ചര്‍ച്ചയിലും വാദം മുറുകവേ സാവര്‍ക്കര്‍ 6 തവണ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തിട്ടുണ്ടെന്ന് പത്മകുമാര്‍ പറഞ്ഞു.

ഇങ്ങനെ മാപ്പെഴുതി കൊടുക്കുന്നതും ഒരു സമരത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഒരു തവണ മാപ്പെഴുതിക്കൊടുത്ത് ജയിലില്‍ നിന്ന് ഇറങ്ങി ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടുകയായിരുന്നു. ഇതോടെ ബ്രിട്ടീഷുകാര്‍ വീണ്ടും ജയിലില്‍ ഇടുമെന്നുമായിരുന്നു പത്മകുമാറിന്റെ വാദങ്ങള്‍. ഇങ്ങനെ ബ്രിട്ടീഷുകാരെ മണ്ടനാക്കിയെന്ന വാദം പത്മകുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ചതോടെ സംഘപരിവാറുകാര്‍ പോലും നേതാവിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി.