തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിച്ചില്ല; കൂടുതല്‍ പരിശോധന വേണമെന്നു റവന്യു അഡീ. ചീഫ് സെക്രട്ടറി

single-img
25 October 2017

കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ കളക്ടര്‍ ടി.വി.അനുപമ നല്‍കിയ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിച്ചില്ല. കൂടുതല്‍ പരിശോധന വേണമെന്നു റവന്യു അഡീ. ചീഫ് സെക്രട്ടറി അറിയിച്ചതിനെ തുടര്‍ന്നാണിത്.

റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടികള്‍ സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനമറിയിക്കും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. തോമസ് ചാണ്ടി ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ലഭിച്ച കളക്ടറുടെ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും മന്ത്രിസഭ യോഗത്തെ അറിയിച്ചിട്ടില്ല.

വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ട. അത് കൂടുതല്‍ വിവാദങ്ങളിലേയ്ക്കാണ് നയിക്കുക. വിവാദങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും, വിഷയത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കട്ടെയെന്നുമാണ് നിലവിലെടുത്ത തീരുമാനങ്ങള്‍ എന്നാണ് വിവരം.

തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കോ, സോളാറുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കോ മന്ത്രിസഭായോഗം ഇന്ന് കടന്നില്ല. അതേസമയം സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കെകെ ദിനേശന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിച്ചു. റിപ്പോര്‍ട്ട് ലഭിച്ച കാര്യം മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചു.

അതേസമയം, തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന്റെ രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ആലപ്പുഴ നഗരസഭ നോട്ടിസ് നല്‍കി. ഏഴു ദിവസത്തിനകം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുമെന്ന മുന്നറിയിപ്പുമുണ്ട്.

ലേക്ക് പാലസ് റിസോര്‍ട്ടിലെ കെട്ടിടങ്ങളുടെ നിര്‍മാണ അനുമതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെയാണു നഗരസഭയില്‍ നിന്നു രേഖകള്‍ കാണാതായത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 18 കെട്ടിടങ്ങളുടെ നിര്‍മാണ രേഖകള്‍ കണ്ടെടുത്തു.

അതിനിടെ ലേക്ക് പാലസ്, മാര്‍ത്താണ്ഡം കായല്‍ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടിനെതിരെ റിസോര്‍ട്ട് ഉടമകളായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി കോടതിയലക്ഷ്യത്തിനു ഹൈക്കോടതിയില്‍ കേസ് കൊടുത്തു. ലേക്ക് പാലസിനു സമീപത്തെ ബണ്ട് നിര്‍മാണം സംബന്ധിച്ചു കോടതിയില്‍ കേസുള്ളപ്പോഴാണു കലക്ടര്‍ റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണു പരാതി.