2ജി സ്‌പെക്ട്രം അഴിമതി കേസില്‍ നവംബര്‍ ഏഴിന് പ്രത്യേക സിബിഐ കോടതി വിധി പറയും

single-img
25 October 2017

രാജ്യത്തെ പിടിച്ചു കുലുക്കിയ 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ നവംബര്‍ ഏഴിന് പ്രത്യേക സിബിഐ കോടതി വിധി പറയും. മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ എംപി കനിമൊഴി എന്നിവരുള്‍പ്പടെയുള്ള പ്രമുഖരാണ് കേസിലെ പ്രതി പട്ടികയിലുള്ളത്.

ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2 ജി സ്‌പെക്ട്രം കേസ് പരിഗണിക്കുന്നതിന് നിയമിതനായ പ്രത്യേക ജഡ്ജി ഒ പി സെയ്‌നി സിബിഐയുടെ മൂന്ന് പരാതികളാണ് പരിഗണിക്കുന്നത്. മുന്‍ ടെലികോം സെക്രട്ടറി സിദ്ദാര്‍ത്ഥ് ബെഹുറ, എ രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ചന്ദോലിയ എന്നിവര്‍ക്കെതിരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

അഴിമതി, കുറ്റകരമായ ഗൂഡാലോചന, വഞ്ചന, പദവി ദുരുപയോഗം ചെയ്യല്‍, കൃത്രിമ രേഖ ചമയ്ക്കല്‍, കവര്‍ച്ച തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

2ജി മൊബൈല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തിനാവശ്യമായ തരംഗ വിതരണനിര്‍ണയ അനുമതിയുമായി ബന്ധപ്പെട്ട് ഒന്നാം യുപിഎയുടെ കാലത്ത് നടന്ന അഴിമതിയാണു 2ജി സ്‌പെക്ട്രം അഴിമതി. സ്‌പെക്ട്രത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ വിപണി അധിഷ്ഠിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ആദ്യം വരുന്നവര്‍ക്ക് ആദ്യം നനല്‍കുക ( ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ്) എന്ന രീതിയാണ് സ്വീകരിച്ചതെന്നായിരുന്നു കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍.

ഇതിലൂടെ 1.7 ലക്ഷം കോടി രൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിന് ഉണ്ടായിട്ടുണ്ടെന്ന് സിഎജി കണ്ടെത്തിയിരുന്നു. രാഷ്ട്രീയക്കാര്‍ക്കു പുറമെ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ തലത്തിലുള്ളവര്‍ക്കും അഴിമതിയില്‍ പങ്കുണ്ട്.