വിജയ് ക്രിസ്ത്യാനി ആണെങ്കില്‍ നേതാക്കള്‍ക്ക് എന്താണ് പ്രശ്‌നം?; വിജയ് ഒരു നടനാണ് അവന്റെ ഭാഷ സിനിമയാണെന്നും പിതാവ് എസ്എ ചന്ദ്രശേഖര്‍

single-img
24 October 2017

മെര്‍സല്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദം തമിഴകത്തു കത്തിപ്പടരവേ നടന്‍ വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി എത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച് രാജയാണ് വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടി സിനിമയ്‌ക്കെതിരെ രംഗത്ത് എത്തിയത്.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മെര്‍സല്‍ വിഷയം ഇത്രമാത്രം പുകഞ്ഞിട്ടും വിജയ് വിശദീകരണവുമായി രംഗത്ത് വന്നിട്ടില്ല. വിജയിയുടെ മൗനം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.

ദേശീയ മാധ്യമത്തോടാണ് വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖര്‍ പ്രതികരിച്ചത്. രാഷ്ട്രീയക്കാര്‍ക്ക് സാമാന്യ ബുദ്ധി പോലുമില്ലെന്നും വിശാലമായ ചിന്താരീതികള്‍ ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്ക് നഷ്ടമായിരിക്കുകയാണെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

സ്‌കൂള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ മകന്റെ പേര് വിജയ് ജോസഫ് എന്നാണ്. എന്നാല്‍ മകനെ വളര്‍ത്തിയത് ജാതിയും മതവുമില്ലാതെയാണെന്നും ചന്ദ്രശേഖര്‍ വിശദമാക്കി. വിജയ് ക്രിസ്ത്യാനി ആണെങ്കില്‍ നേതാക്കള്‍ക്ക് എന്താണ് പ്രശ്‌നമെന്നും ചന്ദ്രശേഖര്‍ ചോദിക്കുന്നു.

വിജയ് ഒരു നടനാണ് അവന്റെ ഭാഷ സിനിമയാണെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അഴിമതിക്കും ബലാല്‍സംഗത്തിനും രാഷ്ട്രീയക്കാര്‍ പിടിയിലാകുമ്പോള്‍ അവയെ അടിസ്ഥാനമാക്കി ചലചിത്രമാക്കുക സ്വാഭാവികം മാത്രമാണെന്നും അതിന് ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഇത് വരെ ആലോചിച്ചില്ലെന്നും ഒരു പാര്‍ട്ടിയുമായി ധാരണ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.