അഡ്വ. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞു; ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതിയില്‍ പരാതി

single-img
24 October 2017

തൃശ്ശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ പ്രമുഖ അഭിഭാഷകന്‍ അഡ്വ. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഉബൈദിനെതിരെ സുപ്രീംകോടതിയില്‍ പരാതി. കൊല്ലപ്പെട്ട രാജീവിന്റെ അമ്മയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നല്‍കി.

അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെതിരായ അന്വേഷണം വൈകുന്നു. കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അന്വേഷണം നിലയ്ക്കാന്‍ കാരണമായി. ഉദയഭാനു നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ നിലനില്‍ക്കുന്നതിനാല്‍ അറസ്റ്റ് നടക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ അഡ്വ. ഉദയഭാനുവിന് പങ്കുണ്ടെന്ന് കണ്ടെത്തിയ പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജസ്റ്റിസ് ഉബൈദാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.

ഉദയഭാനുവിനെതിരായ തെളിവുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട കോടതി അറസ്റ്റ് തടയുകയും ചെയ്തു. ശക്തമായ തെളിവുണ്ടെങ്കിലേ അറസ്റ്റ് ചെയ്യാവൂ എന്ന് ആവശ്യപ്പെട്ട കോടതി ഫോണ്‍ സംഭാഷണം അറസ്റ്റിന് പര്യാപ്തമായ തെളിവല്ലെന്നും ഇടക്കാല ഉത്തരവില്‍ വിധിച്ചു.

ഈ ഉത്തരവോടെ കേസ് അന്വേഷണം നിലച്ച അവസ്ഥയിലായെന്നാണ് രാജീവിന്റെ അമ്മ ആരോപിക്കുന്നത്. അറസ്റ്റ് തടഞ്ഞതോടെ തെളിവ് നശിപ്പിക്കാന്‍ സാവകാശം ലഭിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ അഡ്വ. ഉദയഭാനുവിന് ജാമ്യം അനുവദിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും ഈ വിഷയത്തില്‍ നീതി നടപ്പാക്കാന്‍ ഉചിതമായ നടപടിയെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.