ഉത്തര കൊറിയക്കുമേല്‍ പൂര്‍ണമായും ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ചൈനയോട് ട്രംപ്

single-img
24 October 2017

ഉത്തരകൊറിയയ്ക്കുമേല്‍ യുഎന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മുഴുവന്‍ ഉപരോധങ്ങളും നടപ്പിലാക്കാന്‍ ചൈനയോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത മാസം ചൈന സന്ദര്‍ശിക്കുന്ന ട്രംപ്, ഇക്കാര്യം ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ മൂന്നു മുതല്‍ 14 വരെ ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലാണു ട്രംപിന്റെ സന്ദര്‍ശനം. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉത്തരകൊറിയയെയും ഏകാധിപതി കിം ജോങ് ഉന്നിനെയും ഒറ്റപ്പെടുത്തുകയാണു ട്രംപിന്റെ ലക്ഷ്യമെന്നും ഇതിനായി കൊറിയയുടെ ഏറ്റവും അടുത്ത സഹായിയായ ചൈനയുടെ സഹായവും തേടിയിരിക്കുകയാണ് ട്രംപെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കല്‍ക്കരി ഇറക്കുമതി, തുണിത്തരങ്ങളും കടല്‍ഭക്ഷണങ്ങളും കയറ്റുമതി, എണ്ണ കയറ്റുമതി നിര്‍ത്തലാക്കല്‍ തുടങ്ങിയ യുഎന്‍ ഉപരോധങ്ങള്‍ നടപ്പാക്കിയതായി ചൈന വ്യക്തമാക്കിയിരുന്നു. ഉപരോധങ്ങളില്‍ തൊണ്ണൂറു ശതമാനത്തോളം ചൈന നടപ്പാക്കിയിട്ടുണ്ടെന്നാണ് അവകാശവാദം. എന്നാല്‍ രാജ്യങ്ങള്‍ ഐക്യഖണ്‌ഠേന അംഗീകരിച്ച രണ്ടു നിര്‍ദേശങ്ങള്‍ കൂടി ചൈന നടപ്പാക്കണമെന്നാണ് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഉഭയകക്ഷി ചര്‍ച്ച പ്രകാരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് അത്യാവശ്യമാണെന്നും
വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരകൊറിയയുടെ തുടര്‍ച്ചയായ ആണവായുധ, മിസൈല്‍ പരീക്ഷണങ്ങള്‍ ചൈനയേയും പ്രശ്‌നത്തിലാഴ്ത്തിയതിനാല്‍ ട്രംപിന് അനുകൂലമായ നിലപാടായിരിക്കും ചൈന സ്വീകരിക്കുക.

അതേസമയം മിസൈല്‍, ആണവ പരീക്ഷണങ്ങള്‍ തുടരുന്നതിനാല്‍ ഉത്തരകൊറിയയും യുഎസും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. പരീക്ഷണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ ഉത്തരകൊറിയയെ പൂര്‍ണമായും തകര്‍ക്കുമെന്നു ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഉത്തര കൊറിയയുടെ മിസൈല്‍, ആണവ ഭീഷണികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അതൊരു കറുത്ത അധ്യായം ആയി മാറുമെന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും വ്യക്തമാക്കിയിരുന്നു.