തോമസ് ചാണ്ടിയെ വെട്ടിലാക്കി റവന്യൂ വകുപ്പ്; മന്ത്രിക്കെതിരെ നടപടി വേണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രേശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

single-img
24 October 2017

മന്ത്രി തോമസ് ചാണ്ടി നടത്തിയ ക്രമക്കേടുകളില്‍ നടപടി വേണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രേശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. കളക്ടറുടെ റിപ്പോര്‍ട്ടില്‍ മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ടെന്നും അതിനാല്‍ തന്നെ കര്‍ശന നടപടി വേണമെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് വിവരം.

കായല്‍ കൈയ്യേറ്റം ഉള്‍പ്പെടെ ക്രമക്കേടുകള്‍ അന്വേഷിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് രാവിലെ റവന്യൂ മന്ത്രി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് മന്ത്രിക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

മന്ത്രിയുടെ കൈയേറ്റത്തിന് ഒത്താശ ചെയ്ത മുന്‍ കളക്ടര്‍ പദ്മകുമാറിനും മുന്‍ ആര്‍.ഡി.ഒയ്ക്കുമെതിരെ നടപടി വേണമെന്നും റവന്യൂവകുപ്പ് ആവശ്യപ്പെട്ടു. കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ സ്വന്തം നിലയ്ക്ക് നടപടിയെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നുമാണ് റവന്യൂ മന്ത്രിക്ക് സി.പി.ഐ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഭൂമികൈയേറ്റം നടന്നത് സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിസോര്‍ട്ടിന്റെ ഭാഗമായി നിര്‍മിച്ചിരിക്കുന്ന പാര്‍ക്കിംഗ് ഏരിയയ്ക്ക് വേണ്ടിയാണ് കായല്‍ കൈയേറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനായി മണ്ണിട്ട് ഭൂമി നികത്തി. 2014ന് ശേഷമാണ് ഭൂമി നികത്തല്‍ നടന്നിരിക്കുന്നത്. 2008ലെ തണ്ണീര്‍ടത്തട സംരക്ഷണ നിയമം അനുസരിച്ച് അനുമതിയില്ലാതെ ഭൂമി മണ്ണിട്ട് നികത്തുന്നത് കുറ്റകരമാണ്. റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡും അനിധികൃതമായാണ് നിര്‍മിച്ചിരിക്കുന്നത്.

റിസോര്‍ട്ടിന് സമീപത്തെ നീര്‍ച്ചാല്‍ അനുമതിയില്ലാതെ ഗതി തിരിച്ചുവിട്ടു. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നും നിലം നികത്തല്‍ വ്യക്തമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.