തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്ന് കോടിയേരി; ‘ബിജെപി ജനാധിപത്യത്തെ ഭയക്കുന്നു’

single-img
24 October 2017

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമിയിടപാടു സംബന്ധിച്ചു കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചു തീരുമാനമെടുക്കാനുള്ള സാവകാശം സര്‍ക്കാരിനു നല്‍കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.

പരിശോധിച്ച ശേഷം ഉചിതമായ നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു. ബിജെപി ജനാധിപത്യത്തെ ഭയക്കുകയാണ്.
ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പരാജയ ഭീതിയുണ്ട്. അതിനാലാണ് പണം നല്‍കി അട്ടിമറിക്ക് ശ്രമിക്കുന്നത്. പട്ടേല്‍ സമുദായത്തിന് സമൂഹത്തിലുള്ള സ്വാധീനം പണംകൊടുത്ത് വിലക്കെടുക്കുവാനാണ് ശ്രമം.

ഒരു കോടിവരെ വാഗ്ദാനം ചെയ്താണ് ബിജെപി ആളെ കൂട്ടുന്നത്. തെരഞ്ഞെടുപ്പ് സംവിധാനങ്ങളെയാകെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണുള്ളത്. ചരിത്രംതന്നെ മാറ്റിയെഴുതാനാണ് ശ്രമം നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.