ശക്തമായ താക്കീതോടെ സൗദിയില്‍ പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി; നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും വരുന്നതിനു വിലക്കില്ലെന്ന് ആഭ്യന്തര വകുപ്പ്

single-img
24 October 2017

റിയാദ്: സൗദിയില്‍ പൊതുമാപ്പ് കാലാവധി മൂന്നാമതും നീട്ടി. അനധികൃതമായി കഴിയുന്ന വിദേശികള്‍ക്ക് പിഴയും ജയില്‍ ശിക്ഷയും പുനഃപ്രവേശന വിലക്കുമില്ലാതെ മടങ്ങുന്നതിനായാണ് പൊതുമാപ്പ് കാലാവധി നീട്ടിയത്. നവംബര്‍ 15 വരെയാണ് പൊതുമാപ്പിന് അവസരം.

കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിയൊമ്പതിന് ആരംഭിച്ച പൊതുമാപ്പ് കാലാവധി ഇതിനകം രണ്ട് തവണ നീട്ടി നല്‍കിയിരുന്നു. വിദേശ എംബസികളുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിന്റെ ഇപ്പോഴത്തെ തീരുമാനം. അവസരം പലതവണ നല്‍കിയിട്ടും ഉപയോഗപ്പെടുത്താത്ത ആളുകള്‍ക്ക് ശക്തമായ താക്കീതോടെയാണ് പൊതുമാപ്പിന് വീണ്ടും അവസരം നല്‍കിയത്.

നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസാനത്തെ അവസരമാണ് ഇതെന്നും അര്‍ഹരായ എല്ലാ ഇന്ത്യക്കാരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. പൊതുമാപ്പ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്.

800 244 0003 എന്ന ടോള്‍ഫ്രീ നമ്പറിലോ 0556122301 എന്ന വാട്ട്‌സപ്പ് നമ്പറിലോ ബന്ധപ്പെടാം. താമസ തൊഴില്‍ നിയമലംഘകര്‍, സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയതായി ആരോപിക്കപ്പെട്ടു ഹുറൂബ് കേസില്‍ പെട്ടവര്‍, ഹജ്ജ് ഉമ്ര സന്ദര്‍ശക വിസകളുടെ കാലാവധി കഴിഞ്ഞവര്‍, രേഖകള്‍ ഇല്ലാതെ അതിര്‍ത്തി കടന്നെത്തിയവര്‍ തുടങ്ങിയവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും. എന്നാല്‍ മാര്‍ച്ച് പത്തൊമ്പതിന് ശേഷമാണ് ഇത്തരം നിയമലംഘനങ്ങളില്‍ പെട്ടതെങ്കില്‍ പൊതുമാപ്പ് ലഭിക്കുകയില്ല.

പൊതുമാപ്പ് ആനുകൂല്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ വരുന്നതിനു വിലക്ക് ഉണ്ടാകില്ല. നാട്ടിലേക്ക് മടങ്ങിയ ആയിരക്കണക്കിന് പേര്‍ ഇങ്ങനെ വീണ്ടും സൗദിയില്‍ എത്തിയതായി പാസ്‌പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തി. നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായാണ് സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്.