ഗോവയില്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ പിളര്‍പ്പിലേക്കെന്ന് സൂചന

single-img
24 October 2017

പനാജി: ഗോവയില്‍ സര്‍ക്കാര്‍ പിളര്‍പ്പിലേക്കെന്ന് സൂചന. മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് ഘടകകക്ഷിയായ മഹാരാഷ്ട്ര വാദി ഗോമന്തക് പാര്‍ട്ടി(എം. ജി. പി) ഇടയുന്നതായാണ് റിപ്പോര്‍ട്ട്. മൂന്ന് എംഎല്‍എമാരുള്ള എംജെപിയുടെ പിന്തുണ സര്‍ക്കാരിന് നിര്‍ണായകമാണെന്നത് തന്നെയാണ് ഇതിന് കാരണം.

മൂന്ന് എംഎല്‍എമാരില്‍ രണ്ടു പേര്‍ മന്ത്രിസഭയിലുള്ളവരാണ്. കടുത്ത നടപടിയിലേക്ക് തിടുക്കത്തില്‍ കടക്കില്ലെങ്കിലും അടുത്ത എട്ട് മാസം വരെ കാത്തിരുന്ന ശേഷം തീരുമാനിക്കാം എന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാട്.

അതേസമയം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ചില അംഗങ്ങള്‍ അസംതൃപ്തരാണെന്ന് എം.ജെ.പി അധ്യക്ഷന്‍ ദീപക് ധാവലീക്കര്‍ പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.

കാസിനോ, മയക്കുമരുന്ന്, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. എന്നാല്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമോ എന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരുകക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണച്ചതെന്നും ധാവലീക്കര്‍ പറഞ്ഞു.

40 അംഗ സഭയില്‍ ബിജെപിക്ക് 14 പേര്‍ മാത്രമേയുള്ളൂ. എംജെപിക്ക് പുറമെ ജിഎഫിപിയുടെ മൂന്ന് അംഗങ്ങളുടെയും മൂന്നു സ്വതന്ത്രരുടെയും ഒരു എന്‍സിപി അംഗത്തിന്റെയും പിന്തുണയിലാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. കോണ്‍ഗ്രസിന് 17 അംഗങ്ങളുണ്ട്.