ചരിത്രം തിരുത്തിയെഴുതുന്നു: ഒന്നാം സ്വാതന്ത്ര്യസമരം ശിപായി ലഹള അല്ല; പൈക കലാപം; അടുത്ത അധ്യയനവര്‍ഷം മുതല്‍ ചരിത്രപാഠപുസ്തകത്തില്‍ തിരുത്തിയെഴുതുമെന്ന് മന്ത്രി

single-img
24 October 2017

സ്വാതന്ത്ര്യസമര ചരിത്രങ്ങള്‍ തിരുത്തിയെഴുതി കേന്ദ്ര സര്‍ക്കാര്‍. 1817ല്‍ ഒഡീഷയില്‍ നടന്ന പൈക കലാപം (പൈക ബിദ്രോഹ) ഒന്നാം സ്വാതന്ത്ര്യ സമരമെന്ന പേരില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ചരിത്രപാഠപുസ്തകത്തില്‍ ഇടംപിടിക്കും. ഒന്നാം സ്വാതന്ത്ര്യസമരമായി അറിയപ്പെടുന്ന ശിപായി ലഹള ഇനി ചരിത്രപുസ്തകങ്ങളില്‍ ഉണ്ടാവില്ല.

മാനവ വിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കറാണ് പൈക കലാപത്തിന്റെ 200ആം വാര്‍ഷികദിനമായ ഇന്നലെ ഇക്കാര്യം അറിയിച്ചത്. രാജ്യം മുഴുവന്‍ ‘പൈക ബിദ്രോഹ’യുടെ ചരിത്ര സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്രം 200 കോടി രൂപ അനുവദിച്ചതായും മന്ത്രി മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു.

‘വിദ്യാര്‍ഥികള്‍ യഥാര്‍ഥ ചരിത്രമാണു പഠിക്കേണ്ടത്. ചരിത്ര പുസ്തകങ്ങളില്‍ ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരില്‍ ‘പൈക ബിദ്രോഹ’ അറിയപ്പെടും’– ജാവഡേക്കര്‍ വ്യക്തമാക്കി. ഒഡീഷ മുഖ്യമന്ത്രി നവീന്‍പട്‌നായിക് ഈ ആവശ്യം ഉന്നയിച്ചു നേരത്തേ കേന്ദ്രത്തിനു കത്തെഴുതിയിരുന്നു.

1857 ല്‍ ഇന്ത്യന്‍ സൈനികരും നാട്ടുരാജാക്കന്മാരും ബ്രീട്ടിഷ് അധിനിവേശത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ പ്രശസ്തമായ സമരമാണ് ശിപായി ലഹള. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രക്ഷോഭത്തെ ശിപായി ലഹള എന്നാണ് വിളിക്കപ്പെടുന്നത്. ഇതിനെയാണ് ചരിത്ര പുസ്തകത്തില്‍ നിന്ന് മാറ്റുന്നത്.

പൈക സമുദായത്തിനു ഗജപതി രാജാക്കന്മാര്‍ പരമ്പരാഗതമായി കൃഷിഭൂമി പാട്ടത്തിനു നല്‍കിയിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി 1803ല്‍ ഒഡീഷ കീഴടക്കിയതോടെ കര്‍ഷകര്‍ക്കു ലഭിച്ചുവന്നിരുന്ന ആനുകൂല്യം നിര്‍ത്തലാക്കി. ഈ തീരുമാനം പൈക സമുദായത്തെ അസ്വസ്ഥരാക്കി.

ബക്ഷി ജഗബന്ധുവിന്റെ നേതൃത്വത്തില്‍ 1817ല്‍ കമ്പനിക്കെതിരായി സായുധലഹള പൊട്ടിപ്പുറപ്പെട്ടു. ആദിവാസികളും ഇവരോടൊപ്പം ചേര്‍ന്നു. തുടക്കത്തില്‍ പൈക സൈന്യത്തിനു മുന്നേറാന്‍ കഴിഞ്ഞെങ്കിലും കമ്പനി സൈന്യം മേധാവിത്വം തിരികെപ്പിടിച്ചു. നൂറുകണക്കിനു പൈക സൈനികരെ വധിച്ചു. ജഗബന്ധുവടക്കം അനേകം പേരെ ജയിലിലടച്ചു. ഇതാണ് പൈക ലഹള എന്നപേരില്‍ അറിയപ്പെടുന്നത്.