പ്രിയപ്പെട്ടവന്റെ വിയോഗം തന്നെ തളർത്തുന്നുവെന്ന് മമ്മൂട്ടി: എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം നേരുന്നതായി മോഹൻലാൽ

single-img
24 October 2017

പ്രശസ്‌ത സംവിധായകൻ ഐ.വി.ശശിയുടെ വിയോഗത്തിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും രംഗത്തെത്തി. പ്രിയപ്പെട്ടവന്റെ വിയോഗം തന്നെ തളർത്തുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയിൽ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരനായിരുന്നു ഐ.വി.ശശിയെന്ന് മോഹൻലാൽ പറഞ്ഞു.

ഞാനടക്കമുള്ള നടൻമാരെയും , കാഴ്‌ച‌‌ക്കാരെയും സിനിമാ വിദ്യാർത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്‌റ്റർക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

ജ്യേഷ്ഠഹോദരനെപ്പോലെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ഷാജി കൈലാസ് പറഞ്ഞു. മാസിനും ക്ലാസിനും പുതിയൊരു മുഖം പകർന്നേകിയ ഐ.വി.ശശിയുടെ ചിത്രങ്ങൾ എല്ലാം തന്നെ ഒരു പാഠപുസ്തകമാണ്. കമ്മീഷണർ,തലസ്ഥാനം തുടങ്ങിയ ചിത്രങ്ങൾ ചെയ്തപ്പോഴെല്ലാം ഞാൻ അദ്ദേഹത്തിന്റെ അടുത്ത് പോയി ആവശ്യമായ മാർഗനിർദേശങ്ങൾ തേടിയിരുന്നു. വ്യക്തിപരമായും സിനിമലോകത്തിനും അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാനഷ്ടമാണെന്നും ഷാജി കൈലാസ് പറഞ്ഞു.