സിനിമയില്‍ ജോലി ചെയ്യവെ തനിക്കെതിരെ ലൈംഗികാതിക്രമമുണ്ടായെന്ന പരാതിയുമായി പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ്

single-img
24 October 2017

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജൂലി ജൂലിയനെ കയ്യേറ്റം ചെയ്യാൻ ശ്രമം. കുമളിയിൽ വച്ച് സിനിമാ പ്രൊഡക്ഷൻ ടീമിലുണ്ടായിരുന്നവർ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ജൂലി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ജൂലി എറണാകുളം ഐജി ഓഫീസില്‍ നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ:

ഒക്ടോബര്‍ 15നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തലേദിവസം ലൊക്കേഷനില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ സലിം വില്ലയിലെ എന്റെ മുറി തുറന്നുകിടക്കുകയായിരുന്നു. മുറിയില്‍ നിന്ന് വിലയേറിയ ബ്രാന്‍ഡഡ് മേക്കപ്പ് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കാണാതായിരുന്നു. ഇതിനെച്ചൊല്ലി വില്ലയുടെ ഉടമസ്ഥരുമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായും ജൂലി പറയുന്നു.

താന്‍ താമസിച്ചിരുന്ന സലിം വില്ലയില്‍ വച്ച് വില്ലയുടെ ഉടമയും ഒരു സംഘം ഗുണ്ടകളും മുറിയില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ജൂലിയുടെ പരാതിയില്‍ പറയുന്നു. തന്റെ ശക്തമായ ചെറുത്തുനില്‍പിനെ തുടര്‍ന്ന് ആളുകള്‍ കൂടിയതിനാല്‍ ഇവര്‍ പിന്തിരിയുകയായിരുന്നു. പിന്നീട് ഇവര്‍ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷമാണ് തനിയ്‌ക്കെതിരെ നടത്തിയതെന്നും ജൂലി കൂട്ടിച്ചേര്‍ത്തു.

നിത്യാ മേനോനെ നായികയാക്കി വി.കെ.പ്രകാശ് നാല് ഭാഷകളിലായി ഒരുക്കുന്ന ‘പ്രാണ’ എന്ന ചിത്രത്തില്‍ ജോലി ചെയ്യുമ്പോഴാണ് ജൂലിയ്ക്ക് നേരെ ആക്രമണമുണ്ടായത്.