സംവിധായകന്‍ ഐവി ശശി അന്തരിച്ചു

single-img
24 October 2017

സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു. 69 വയസ്സായിരുന്നു. ചെന്നൈ സാലിഗ്രാമത്തില്‍ ഉള്ള വസതിയില്‍ 11 മണിയോടെയായിരുന്നു അന്ത്യം.
കാന്‍സറിനെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

ചെന്നൈയിലെ വസതിയില്‍വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു. പ്രമുഖ നടി സീമയാണ് ഭാര്യ. അനു, അനി എന്നിവരാണ് മക്കള്‍.

മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ സംവിധായകനാണ് ഐവി ശശി. അദ്ദേഹം സൃഷ്ടിച്ച ഓരോ ചിത്രങ്ങളും അന്നോളം കണ്ട സിനിമ രീതികളേയും ചിന്തകളേയും തിരുത്തിയെഴുതുന്നതായിരുന്നു. അവളുടെ രാവുകള്‍ പോലുള്ള ചിത്രങ്ങളെടുക്കാന്‍ ധൈര്യം കാണിച്ച സംവിധായകന്‍.

ഏകദേശം 150 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തന്റേതായ ഒരു ശൈലിയിലും സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്നു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലത്തില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്.

നാല് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. ദേശീയ പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ 2015ല്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.