മോദിക്ക് തകര്‍പ്പന്‍ മറുപടി നല്‍കിയ തോമസ് ഐസക്കിന്റെ പോസ്റ്റ് വൈറലാകുന്നു: ‘കേന്ദ്ര വിഹിതം നിങ്ങളുടെ ഔദാര്യമല്ല; ഏതാണ് നിങ്ങളുടെ വികസനമാതൃക?’

single-img
24 October 2017

തിരുവനന്തപുരം: കേന്ദ്ര ഭരണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും എതിര് നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം യാതൊരു വിധത്തിലുള്ള സാമ്പത്തിക പിന്തുണയും നല്‍കില്ലെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്.

കേന്ദ്ര വിഹിതം നിങ്ങളുടെ ഔദാര്യമല്ലെന്നും ഞങ്ങളും കൂടിയൊടുക്കുന്ന നികുതിപ്പണത്തിന്റെ വിഹിതമാണെന്നും ധനമന്ത്രി ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു. അര്‍ഹതപ്പെട്ട വിഹിതം തരാതിരിക്കണമെങ്കില്‍ ഭരണഘടന തിരുത്തിയെഴുതേണ്ടി വരുമെന്നും അതു തന്നെയാണ് നിങ്ങളുടെ ലക്ഷ്യമെന്ന് അറിയാമെങ്കിലും അത് നടക്കാന്‍ പോകുന്നില്ലെന്നും തോമസ് ഐസക് ഓര്‍മ്മപ്പെടുത്തി.

കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ എന്ന പ്രയോഗത്തെയും ധനമന്ത്രി ചോദ്യം ചെയ്തു. ഏതാണ് നിങ്ങളുടെ വികസനമാതൃക? സാമ്പത്തികവളര്‍ച്ചയും ക്ഷേമപദ്ധതികളുമില്ലാത്ത മധ്യപ്രദേശും രാജസ്ഥാനുമൊക്കെയാണോ? അതോ സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടും തരിമ്പും ജനക്ഷേമ നടപടികളില്ലാത്ത ഗുജറാത്തോ? ഞങ്ങള്‍ക്കിതു രണ്ടും സ്വീകാര്യമല്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.

നിങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് സ്വപ്നത്തില്‍പോലും ചിന്തിക്കാന്‍ പറ്റാത്ത വിദ്യാഭ്യാസ ആരോഗ്യാദി ക്ഷേമ സൗകര്യങ്ങള്‍ കേരളത്തിലുണ്ട്. അതുകൊണ്ട് നിങ്ങളാണ് ഞങ്ങളെ മാതൃകയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനക്ഷേമ പദ്ധതികള്‍ വേണ്ടുവോളമുണ്ടായിരുന്നെങ്കിലും സാമ്പത്തികവളര്‍ച്ചയില്ല എന്നൊരു ആക്ഷേപം നേരത്തെ കേരളത്തിനെതിരെ ഉണ്ടായിരുന്നു. എന്നാല്‍ ആ വിമര്‍ശനത്തിനും ഇന്നു സാംഗത്യമില്ലെന്നും ഐസക് പറയുന്നു.

മൂന്നു പതിറ്റാണ്ടോളമായി കേരളം ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ്. ഈ വളര്‍ച്ച ഗുജറാത്തിനെക്കാള്‍ മെച്ചപ്പെടുത്താന്‍ കഴിയുമോ എന്നാണ് ഇന്നു ഞങ്ങള്‍ നോക്കുന്നതെന്നും പക്ഷേ ജനങ്ങളുടെ ക്ഷേമം മറന്നുകൊണ്ടുള്ള ഗുജറാത്ത് മോഡല്‍ ഞങ്ങള്‍ക്കു വേണ്ടെന്നും ഐസക്ക് തന്റെ കുറിപ്പില്‍ വ്യക്തമാക്കി.

ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര നയങ്ങളെ വിമര്‍ശിക്കരുതെന്ന മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയത്.