മോദി നവാസ് ഷെരീഫിനെ അര്‍ധരാത്രി കണ്ടതുപോലെ ഞാന്‍ എന്തായാലും ആരേയും കണ്ടിട്ടില്ല: ബിജെപിയെ കളിയാക്കി ഹാര്‍ദിക് പട്ടേല്‍

single-img
24 October 2017

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കാനായി ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന് ഗുജറാത്തിലെ പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. പെരുംകള്ളന്‍മാരായ ബി.ജെ.പിയെ തകര്‍ക്കാന്‍ കള്ളന്‍മാരായ കോണ്‍ഗ്രസിന്റെ കൂട്ട് തേടാവുന്നതാണെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

അതേസമയം അഹമ്മദാബാദിലെ ആഢംബര ഹോട്ടലില്‍ രാഹുല്‍ ഗാന്ധി ഉണ്ടായിരുന്ന അതേ സമയത്ത് താനും അവിടെയുണ്ടായിരുന്നെന്ന് ഹാര്‍ദിക് സമ്മതിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നതുപോലെ രാഹുലുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് ക്ഷണിച്ചതനുസരിച്ച് താന്‍ പുലര്‍ച്ചെ മൂന്നു മണിയോടെ അഹമ്മദാബാദിലെ ഹോട്ടലില്‍ ഗെഹ്‌ലോട്ടിനെ സന്ദര്‍ശിച്ചിരുന്നു. വളരെ വൈകിയതിനാല്‍ അന്ന് അവിടെ തന്നെ തങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ചോര്‍ത്തി ബി.ജെ.പി അത് പുറത്തു വിട്ടു.

ഗുജറാത്തിലുള്ളതെല്ലാം ബി.ജെ.പിയുടെ സ്വന്തം സ്വത്താണല്ലോ എന്നും ഹാര്‍ദിക് പരിഹസിച്ചു. താന്‍ രാഹുല്‍ ഗാന്ധിയെ കണ്ടിട്ടില്ല. എന്നാല്‍ മാധ്യമങ്ങള്‍ മറിച്ചാണ് ആരോപിക്കുന്നത്. അര്‍ധ രാത്രി മോദി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തിയതു പോലെ താന്‍ കൂടിക്കാഴ്ച നടത്തില്ലെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

പാട്ടിദാര്‍ പ്രക്ഷോഭ നായകരായ ഹാര്‍ദിക് പട്ടേലിനെയും ജിഗ്‌നേഷ് മേവനിയെയും അല്‍പേഷ് താക്കൂറിനെയും കോണ്‍ഗ്രസിലേക്ക് രാഹുല്‍ ക്ഷണിച്ചിരുന്നു. മൂവര്‍ക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വവും വാഗ്ദാനം ചെയ്തിരുന്നു. താക്കൂര്‍ ക്ഷണം സ്വീകരിച്ചു.

ജിഗ്‌നേഷ് ഇതുവരെ മനസ് തുറന്നിട്ടില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് താത്പര്യമില്ലെന്നായിരുന്നു ഇതുവരെ പട്ടേലിന്റെ നിലപാട്. എന്നാല്‍ പട്ടേല്‍ കോണ്‍ഗ്രസിനോട് അടുത്തു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ഹാര്‍ദിക് പട്ടേലുമായുള്ള കൂടിക്കാഴ്ച കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടും സ്ഥീരീകരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി സന്നിഹിതനല്ലായിരുന്നെന്നും ഗെഹ്‌ലോട്ട് അറിയിച്ചു. ഗാന്ധിജിയുടെ ഗുജറാത്തിന് എന്തു സംഭവിച്ചുവെന്നും അദ്ദേഹം ചോദിക്കുന്നു.

എന്റെ പേരില്‍ ബുക്ക് ചെയ്ത ഹോട്ടല്‍ മുറി പരിശോധിക്കപ്പെട്ടു. ഞങ്ങള്‍ തുറന്നു പറയുന്നു. ഞങ്ങള്‍ അവരെകണ്ടു. ഇനിയും കാണുമെന്നും ഗെഹ്‌ലോട്ട് ട്വിറ്ററിലൂടെ അറിയിച്ചു. കൂടിക്കാഴ്ചയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ബി.ജെ.പി ചോര്‍ത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ട്വീറ്റ്.