ഹാദിയയില്‍ നിന്നും മൊഴിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് പൊലീസ്

single-img
24 October 2017

ഹാദിയയില്‍ നിന്നും മൊഴിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് പൊലീസ്. കമ്മീഷന് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ ആവശ്യം ഉള്ളത്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതിനാല്‍ മൊഴിയെടുക്കാന്‍ സാധിക്കില്ലെന്നും പൊലീസ് കമ്മീഷനെ അറിയിച്ചു.

സുപ്രീംകോടതി ഉത്തരവ് ദുര്‍വ്യാഖ്യാനിച്ച് ഹാദിയയെ വീട്ടുതടങ്കലില്‍ ആക്കിയെന്ന് ചൂണ്ടികാട്ടി യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കോട്ടയം എസ് പിയോട് റിപ്പോര്‍ട്ട് തേടിയത്.

ഹാദിയക്കുമേല്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്നും കോട്ടയം എസ്പി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറല്‍ ഓഫീസിലെ സീനിയര്‍ ഗവ. പ്ലീഡര്‍ നല്‍കിയ നിയമോപദേശമനുസരിച്ച് ഹാദിയയില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കുന്നതിന് നിയമതടസമുണ്ടെന്നാണ് കോട്ടയം എസ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഹാദിയയുടെ പിതാവ് അശോകന്റെ മൊഴി മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. അതേസമയം, മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് ഹാദിയയെ സന്ദര്‍ശിച്ച് മൊഴി എടുക്കണമെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.