കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ഗൗരിക്ക് ചികിത്സ നിഷേധിച്ചതായി കണ്ടെത്തി; നാല് മണിക്കൂര്‍ ചികിത്സ നല്‍കിയില്ലെന്ന് പോലീസ്

single-img
24 October 2017

കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതായി പൊലീസ്. ഗൗരിയെ ആദ്യം എത്തിച്ച കൊല്ലത്തെ ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചു.

ആശുപത്രിയിലെത്തിച്ച ഗൗരിക്ക് നാല് മണിക്കൂര്‍ ചികിത്സ നല്‍കിയില്ലെന്നാണ് വിലയിരുത്തല്‍. ബെന്‍സിഗര്‍ ആശുപത്രിയിലെ രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. വിശദമായ സ്‌കാനിംഗും നടത്തിയില്ലെന്നും പോലീസ് പറഞ്ഞു. കുട്ടിയ്ക്ക് ഫലപ്രദമായ ചികില്‍സ നല്‍കിയില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണു രേഖകള്‍ പിടിച്ചെടുത്തത്.

പെണ്‍കുട്ടിയെ ചികില്‍സിച്ച ഡോ.ജയകുമാറിനെ പൊലീസ് ചോദ്യം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിനായുള്ള ഇടവേള കഴിഞ്ഞു ബെല്‍ അടിച്ചപ്പോഴാണു ഗൗരി സ്‌കൂളിന്റെ മൂന്നാം നിലയില്‍നിന്നു ചാടിയത്.

ഗുരുതരമായി പരുക്കേറ്റ ഗൗരിയെ ബെന്‍സിഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീടു തിരുവനന്തപുരത്തേക്കു കൊണ്ടു പോവുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു മരണം. സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തിരുന്നു. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ചാടിയതെന്നാണ് പരാതി. ആരോപിതരായ സിന്ധു, ക്രസന്റ എന്നീ രണ്ട് അധ്യാപികമാര്‍ ഒളിവിലാണ്.