നടന്‍ ദിലീപ് പറഞ്ഞ കാര്യങ്ങള്‍ തൃപ്തികരമെന്ന് പൊലീസ്

single-img
24 October 2017

സ്വകാര്യ ഏജന്‍സിയെ സുരക്ഷയ്ക്കായി നിയോഗിച്ചെന്ന സംഭവത്തില്‍ നടന്‍ ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്നു പൊലീസ്. ആള്‍ ഇന്ത്യാ പെര്‍മിറ്റുള്ള സുരക്ഷാ ഏജന്‍സിയുടെ പ്രതിനിധികള്‍ക്ക് ആയുധങ്ങള്‍ കൊണ്ടുവരുന്നതിന് പ്രശ്‌നമില്ല.

എന്നാല്‍ ഇക്കാര്യം പൊലീസിനെ അറിയിക്കണം. ദിലീപ് പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജ് വ്യക്തമാക്കി. സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു ദിലീപിനു പൊലീസ് നോട്ടിസ് നല്‍കിയിരുന്നു.

ഇതിനു നല്‍കിയ മറുപടി തൃപ്തികരമെന്നാണ് പൊലീസ് അറിയിച്ചത്. തനിക്കെതിരെ കേസുകള്‍ കൊടുത്തവരില്‍ നിന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും എന്നാല്‍ സ്വകാര്യ ഏജന്‍സിയെ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും നടന്‍ ദിലീപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സ്വയം സുരക്ഷ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് തണ്ടര്‍ ഫോഴ്‌സുമായി ആലോചന നടത്തിയിരുന്നു. അതിനുവേണ്ടിയാണ് സംഘത്തിന്റെ ഉദ്യോഗസ്ഥര്‍ തന്റെ വീട്ടിലെത്തിയത്. സുരക്ഷ നല്‍കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ അവര്‍ തന്നെ ബോദ്ധ്യപ്പെടുത്തി.

സുരക്ഷ ആവശ്യമായി വരുന്നെങ്കില്‍ അക്കാര്യം അറിയിക്കാമെന്ന് പറഞ്ഞാണ് പിരിഞ്ഞതെന്നും ദിലീപ് ആലുവ എസ്.ഐയ്ക്ക് കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയിരുന്നു. ആലുവ പൊലീസ് ഞായറാഴ്ചയാണു ദിലീപിനു നോട്ടിസ് നല്‍കിയത്. സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയല്‍ രേഖകളും നല്‍കണം.

അവര്‍ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ലൈസന്‍സ് ഹാജരാക്കണം. സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ്, ഗോവ ആസ്ഥാനമായ തണ്ടര്‍ ഫോഴ്‌സ് എന്ന സ്വകാര്യ ഏജന്‍സിയെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരുന്നുവെന്നാണു റിപ്പോര്‍ട്ട്.

ഏജന്‍സിയുടെ തൃശൂരിലെ ഓഫിസില്‍ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തി. കൊട്ടാരക്കരയിലും കൊച്ചിയിലും തണ്ടര്‍ ഫോഴ്‌സിന്റെ വാഹനങ്ങളും പൊലീസ് പരിശോധിച്ചു. ദിലീപ് സ്വകാര്യ ഏജന്‍സിയെ സമീപിച്ചതില്‍ ജാമ്യ വ്യവസ്ഥയുടെ ലംഘനമില്ലെന്നാണു നിയമമവിദഗ്ധരുടെ അഭിപ്രായം.

ഏജന്‍സിക്കു രാജ്യത്തെവിടെയും ആയുധം ഉപയോഗിക്കുന്നതിനാണു ലൈസന്‍സ് എങ്കില്‍ കേരളത്തില്‍ പ്രത്യേക ലൈസന്‍സ് ആവശ്യമില്ല. എന്നാല്‍, ഇത് ഒരു സംസ്ഥാനത്തേതു മാത്രമാണെങ്കില്‍ മറ്റിടങ്ങളില്‍ പ്രത്യേക ലൈസന്‍സ് ആവശ്യമുണ്ട്.