ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വിവാദത്തില്‍

single-img
24 October 2017

ജനസംഘം നേതാവായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതുസംബന്ധിച്ച് സര്‍ക്കുലറും നിര്‍ദേശവും നല്‍കിയിരിക്കുന്നത്.

ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ നടത്തണമെന്ന കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിപിഐയുടെ സര്‍ക്കുലര്‍. ആഘോഷത്തിന് സ്‌കൂളുകളുടെ പ്രധാനാധ്യാപകര്‍ ആവശ്യമായ നടപടിയെടുക്കണമെന്നാണ് സര്‍ക്കുലറിലുള്ളത്. എന്നാല്‍ തന്റെ അറിവോടെയല്ല സര്‍ക്കുലറെന്ന് ഡിപിഐ കെ മോഹന്‍കുമാര്‍ പ്രതികരിച്ചു.

നേരത്തെ, സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ കേരളത്തിലെ സ്‌കൂളുകളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്തത് വിവാദമായിരുന്നു. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ നേതൃത്വത്തിലായിരുന്നു പുസ്തക വിതരണം.

വിദ്യാഭാരതി സംസ്‌കൃതി ജ്ഞാനപരീക്ഷ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകം സംഘപരിവാര്‍ അനുകൂല അധ്യാപകരാണ് വിതരണം ചെയ്തത്. പുസ്തക വിതരണം സര്‍ക്കാര്‍ അനുമതിയോടെയല്ലെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് പ്രസ്താവിച്ചിരുന്നു.

എന്നാല്‍ രണ്ടാം തവണയും ഇത്തരമൊരു പിഴവ് വന്നത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് കെഎസ്‌യു മാര്‍ച്ച് നടത്തി.