പൊലീസുകാര്‍ സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടിയെന്ന് ഡിജിപി

single-img
24 October 2017

പൊലീസുകാര്‍ സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പൊലീസ് ഉദ്യോഗസ്ഥര്‍ സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും അപകീര്‍ത്തികരമായതും തെറ്റായതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി നിരവധി പരാതികള്‍ ഉണ്ട്.

സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തതായി കണ്ട 17 ഉദ്യോഗസ്ഥരെ സമീപകാലത്ത് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും മറ്റുമെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ സന്ദേശങ്ങള്‍ പൊലീസ് സേനാംഗങ്ങള്‍ പ്രചരിപ്പിക്കുന്നത് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്.

ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശം ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്. യൂണിറ്റ് മേധാവികള്‍ തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ഇത് പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.