അമിത് ഷായെയും മകനെയും കുരുക്കിലാക്കി വീണ്ടും ഗുരുതര ആരോപണവുമായി ദ് വയര്‍; മറുപടി നല്‍കാതെ നേതാക്കള്‍

single-img
24 October 2017

അഹമ്മദാബാദ്: ബിജപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനി കുറഞ്ഞകാലത്തിനുള്ളില്‍ അഭൂതപൂര്‍വമായ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ആരോപണത്തിനു പിന്നാലെ വീണ്ടും ഗുരുതര ആരോപണവുമായി ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ദ് വയര്‍ രംഗത്ത്.

സുപ്രീംകോടതി നിര്‍ദേശപ്രകാരം നിയോഗിക്കപ്പെട്ട ലോധകമ്മിറ്റി ശുപാര്‍ശകള്‍ക്ക് വിരുദ്ധമായി അമിത് ഷായും മകനും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളായി തുടരുന്നെന്നാണ് പുതിയ ആരോപണം. ഇന്ത്യന്‍ ക്രിക്കറ്റിലുയര്‍ന്ന കോഴയാരോപണത്തെ തുടര്‍ന്നാണ് സുപ്രീംകോടതി, ക്രിക്കറ്റ് ഭരണരംഗത്തെ ശുദ്ധീകരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ജസ്റ്റീസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുളള കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.

ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്ക് വിരുദ്ധമായി അമിത് ഷായും മകനും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്ത് തുടരുന്നുവെന്നാണ് ദ് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോധ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2016ല്‍ സുപ്രീംകോടതി നടപ്പിലാക്കാന്‍ നിര്‍ദേശിച്ച ഉത്തരവനുസരിച്ച് ഒരു ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ്, ട്രഷര്‍, ജോയിന്റ് സെക്രട്ടറി എന്നീ പദവികളില്‍ ഒരാള്‍ക്ക് പരമാവധി 3 വര്‍ഷം മാത്രമേ ഇരിക്കാവൂ.

ഇതിനുശേഷം മൂന്നു വര്‍ഷത്തെ കൂളിംഗ് ഓഫ് സമയപരിധി നല്‍കണം. ഔദ്യോഗിക പദവികള്‍ വഹിക്കുന്നവര്‍ ബോര്‍ഡുകളുടെ ഭരണസമിതിയില്‍ ഉള്‍പ്പെടാനും പാടില്ല. എന്നാല്‍ ഈ ഉത്തരവ് നിലനില്‍ക്കെ 2014 മുതല്‍ അമിത് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായും മകന്‍ ജെയ് ഷായാ 2013 മുതല്‍ ജോയന്റ് സെക്രട്ടറിയായും തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണെങ്കിലും ഇത് വൈകിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ അമിത് ഷായ്ക്കും ഇപ്പോഴുള്ള പദവി ഒഴിയേണ്ടി വരും. മാത്രമല്ല, അമിത് ഷാ ഓഗസ്റ്റില്‍ ബിജെപി എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സുപ്രീം കോടതി നിര്‍ദേശം പരിഗണിച്ചാല്‍ അമിത് ഷായ്ക്ക് ഇതും തിരിച്ചടിയാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

അതിനിടെ വയറിന്റെ വാര്‍ത്തയെ സംബന്ധിച്ച ചോദ്യത്തോട് അമിത് ഷാ പ്രതികരിക്കാന്‍ തയ്യാറായില്ലന്നും പിന്നീട് മറുപടി നല്‍കാമെന്നു പറഞ്ഞ് ജയ് ഷാ ഒഴിഞ്ഞുമാറുകയായുമായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ജയ് ഷായുടെ സാമ്പത്തിക അഴിമതി പുറത്തുകൊണ്ടുവന്ന ‘ദ വയര്‍’ ന്യൂസ് പോര്‍ട്ടലിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജയ് ഷായെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നാണ് അഹമ്മദാബാദ് സിവില്‍ കോടതി ന്യൂസ് സൈറ്റിനെ വിലക്കിയത്. ഈ വിലക്കിനെതിരേ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ‘വയര്‍’ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് ഭരണസമിതിയില്‍ തുടരുന്നതിനെതിരേ അമിത് ഷായ്ക്കും ജെയ് ഷായ്ക്കുമെതിരേ വയര്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.