പ്രതിഷേധം ഏറ്റു: താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണെന്ന് യോഗി ആദിത്യനാഥ്

single-img
23 October 2017

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമാണെന്ന എം.എല്‍.എ സംഗീത് സോമിന്റെ അഭിപ്രായത്തെ തള്ളി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ്. ഇന്ത്യയില്‍ രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന ഒന്നാണ് താജ്മഹല്‍.

ആര്‍ക്കും അതിനെ അപമാനിക്കാന്‍ സാധിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ആത്മീയ വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ടെന്നും യോഗി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് അയോധ്യയില്‍ ദീപാവലി ആഘോഷം സംഘടിപ്പിച്ചത്.

ഇതിലൂടെ അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തില്‍ അയോധ്യക്ക് ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് യോഗി തെന്റ അഭിപ്രായം വ്യക്തമാക്കിയത്.