ചാലക്കുടി രാജീവ് വധക്കേസ്; അഡ്വ. ഉദയഭാനുവിന്റെ കേസ് പരിഗണിക്കുന്ന ജഡ്ജി പിന്മാറി

single-img
23 October 2017

ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ് രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ പ്രശസ്ത അഭിഭാഷകന്‍ സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്‍മാറി. ജസ്റ്റിസ് പി ഉബൈദാണ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും പിന്‍മാറിയത്.

കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് പിന്മാറ്റം. ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും. ഒക്ടോബര്‍ മൂന്നിനായിരുന്നു അഡ്വക്കേറ്റ് ബി രാമന്‍പിള്ള വഴി ഉദയഭാനു മുന്‍കൂര്‍ ജാമ്യം തേടിയത്. കേസില്‍ തനിക്ക് പങ്കില്ലെന്നും പ്രതികളെ മുന്‍പരിചയം മാത്രമേ ഉള്ളുവെന്നും ഉദയഭാനു ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു.

നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്ന താന്‍ കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കില്ലന്നും ഉദയഭാനു വ്യക്തമാക്കിയിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. കേസിലെ ആദ്യ രണ്ട് പ്രതികള്‍ ഉദയഭാനുവിനെതിരെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കേസില്‍ ഏഴാം പ്രതിയാക്കിയത്.

ഉദയഭാനുവിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസിലെ ഒന്നാം പ്രതിയുമായി ഉദയഭാനു ഏഴ് പ്രാവശ്യം ഫോണില്‍ സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട രാജീവിന്റെ വീട്ടില്‍ ഉദയഭാനു നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയില്‍ കലാശിച്ചത്. പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ സെപ്റ്റംബര്‍ 29ന് രാവിലെയാണു മൃതദേഹം കണ്ടെത്തിയത്.