ക്ലാസിലെ കുട്ടികള്‍ തമ്മില്‍ വഴക്കിട്ടു; രണ്ടാം ക്ലാസുകാരനെ അഞ്ച് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു; സംഭവം തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍

single-img
23 October 2017

തിരുവനന്തപുരം ബാലരാമപുരത്തെ ഗ്രീന്‍ ഡോം പബ്ലിക് സ്‌കൂളിലാണ് വിചിത്രമായ സംഭവം ഉണ്ടായിരിക്കുന്നത്. സഹപാഠികളെ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് രണ്ടാം ക്ലാസുകാരനെ അഞ്ച് ദിവസത്തേക്ക് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തത് എന്നാണ് വിവരം.

എന്നാല്‍, കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. കുട്ടിയുടെ പിതാവിന്റെ മോശം പെരുമാറ്റവും കുട്ടിയുടെ നിരന്തരമായ അച്ചടക്കമില്ലായ്മയെ തുടര്‍ന്നും കുട്ടിയെ രണ്ടു ദിവസത്തേക്ക് സ്‌കൂളിലേക്ക് വിടണ്ട എന്ന് മാത്രമാണ് പറഞ്ഞതെന്ന് സ്‌കൂള്‍ പ്രന്‍സിപ്പാള്‍ അറിയിച്ചു.

സ്‌കൂളിലെ രക്ഷാകര്‍തൃ സമിതി യോഗം ചേര്‍ന്നാണ് നടപടിയെടുത്തത്. ഇക്കാര്യം അറിയിച്ചപ്പോള്‍ കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തു എന്ന് കാണിച്ചുള്ള നോട്ടീസ് നല്‍കണമെന്ന് പിതാവ് ആവശ്യപ്പെട്ടുവെന്നും ഇത് തര്‍ക്കത്തിലേക്ക് നീങ്ങിയപ്പോഴാണ് ഇത്തരത്തില്‍ നോട്ടീസ് നല്‍കിയതെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.

അതേസമയം, സ്‌കൂളിലെ ഡ്രൈവറാണ് സസ്‌പെന്‍ഡ് ചെയ്തതായുളള കത്ത് തന്നെ ഏല്‍പ്പിച്ചതെന്നും പിടിഎ മീറ്റിങ്ങിലാണ് കുട്ടിയെ സസ്‌പെന്‍ഡ് ചെയ്യാനുളള തീരുമാനം എടുത്തതെന്നും മുന്‍ പിടിഎ പ്രസിഡന്റ് കൂടിയായ കുട്ടിയുടെ പിതാവ് പറഞ്ഞു.

പ്രിന്‍സിപ്പലിന് തന്നോടുളള വൈരാഗ്യം കൊണ്ടാണ് കുട്ടിക്കെതിരെ നടപടി എടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
കുട്ടിയെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നിന്നുള്‍പ്പെടെ മാറ്റിനിര്‍ത്തിയെന്നും പിതാവും ആരോപിച്ചു.