അമിത് ഷായുടെ കരുനീക്കങ്ങള്‍ ബിജെപിക്കു തന്നെ പാരയായി: ‘ഗുജറാത്തിനെ വിലയ്ക്കുവാങ്ങാന്‍ അനുവദിക്കില്ലെന്ന്’ കളിയാക്കി രാഹുല്‍

single-img
23 October 2017

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരുന്നതിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ഗുജറാത്തിലെ പാട്ടീദര്‍ നേതാവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതികരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് എത്തി.

‘ഗുജറാത്ത് ഞങ്ങള്‍ക്ക് അമൂല്യമാണ്. ഗുജറാത്തിനെ ആര്‍ക്കും ഒരിക്കലും വിലയ്ക്കുവാങ്ങാനായിട്ടില്ല, ഇനി അതിനു കഴിയുകയുമില്ല’ എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആസന്നമായ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപിയുടെ നീക്കത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്.

അതേസമയം ഗുജറാത്തില്‍ വിശാലസഖ്യത്തിന് തടയിടാന്‍ അമിത് ഷാ നടത്തിയ കരുനീക്കങ്ങളാണ് പട്ടിദാര്‍ അനാമത് ആന്ദോളന്റെ നേതാവ് നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തലോടെ പൊളിഞ്ഞിരിക്കുന്നത്.

അമിത് ഷായുടെ ആശിര്‍വാദത്തോടെ പട്ടിതാര്‍ അനാമത് ആന്ദോളന്റെ നേതാക്കളായ വരുണ്‍ പട്ടേല്‍, രേഷ്മാ പട്ടേല്‍ എന്നിവരെ ബി.ജെ.പിയിലേക്കു കൊണ്ടുവന്നിരുന്നു. വരുണ്‍ പട്ടേലിനെ ഉപയോഗിച്ച് കൂടുതല്‍ പട്ടിദാര്‍ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍.

എന്നാല്‍ നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തലോടെ അമിത് ഷായുടെ തന്ത്രങ്ങള്‍ പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയായി. ഇതിനിടെ പാട്ടിദാര്‍ നേതാവ് നിഖില്‍ സവാനി രാജിവച്ചതോടെ ഗുജറാത്തില്‍ ബി.ജെ.പി നാണം കെട്ടു. പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ചായിരുന്നു നിഖിലിന്റെ രാജി.

നേരത്തെ, പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി ഒരു കോടി വാഗ്ദാനം ചെയ്തതായി പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേല്‍ പറഞ്ഞിരുന്നു. ഞായറാഴ്ച വൈകുന്നേരം ബി ജെ പിയില്‍ ചേര്‍ന്നതിനു പിന്നാലെ അര്‍ധരാത്രി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടിയില്‍ ചേരാന്‍ ബി ജെ പി തനിക്ക് ഒരുകോടി രൂപ വാഗ്ദാനം ചെയ്ത കാര്യം നരേന്ദ്ര പട്ടേല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത്.

തനിക്കൊപ്പം ബിജെപിയിലേക്ക് ചേക്കേറിയ വരുണ്‍ പട്ടേല്‍ വഴിയാണ് വാഗ്ദാനം ലഭിച്ചതെന്ന് നരേന്ദ്ര പട്ടേല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അഡ്വാന്‍സായി 10 ലക്ഷം ലഭിച്ചെന്നും ബാക്കി തുക തിങ്കളാഴ്ച്ച ലഭിക്കുമെന്നും നരേന്ദ്ര പട്ടേല്‍ പറഞ്ഞു.

എന്നാല്‍ റിസര്‍വ്വ് ബാങ്കിലെ മുഴുവന്‍ പണം നല്‍കിയാലും തന്നെ വിലയ്‌ക്കെടുക്കാനാവില്ലെന്ന് നരേന്ദ്ര പട്ടേല്‍ വ്യക്തമാക്കി. ബിജെപിയുടെയും വരുണ്‍ പട്ടേലിന്റെയും നിലപാട് മാധ്യമങ്ങള്‍ക്കുമുന്നില്‍ പരസ്യപ്പെടുത്താനാണ് താന്‍ പണം വാങ്ങിയതെന്നും നരേന്ദ്ര കൂട്ടിച്ചേര്‍ത്തു.