ബിജെപിയുടെ കുതിരകച്ചവടം ‘പൊളിച്ചു’: പാര്‍ട്ടിയില്‍ ചേരാന്‍ ഹാര്‍ദിക് പട്ടേലിന്റെ അനുയായിക്ക് നല്‍കിയത് ഒരുകോടി; ബിജെപി നേതാക്കള്‍ വെട്ടില്‍

single-img
23 October 2017

പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി ഒരു കോടി വാഗ്ദാനം ചെയ്തതായി പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേല്‍. പട്ടീദാര്‍ ആന്ദോളന്‍ സമിതി പാര്‍ട്ടി കണ്‍വീനറായ നരേന്ദ്ര പട്ടേല്‍ പണം ഉയര്‍ത്തികാട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.

ഞായറാഴ്ച വൈകുന്നേരം ഇദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. പിന്നാലെ അര്‍ധരാത്രി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടിയില്‍ ചേരാന്‍ ബി ജെ പി തനിക്ക് ഒരുകോടി രൂപ വാഗ്ദാനം ചെയ്ത കാര്യം മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത്.

തനിക്കൊപ്പം ബിജെപിയിലേക്ക് ചേക്കേറിയ വരുണ്‍ പട്ടേല്‍ വഴിയാണ് വാഗ്ദാനം ലഭിച്ചതെന്ന് നരേന്ദ്ര പട്ടേല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അഡ്വാന്‍സായി 10 ലക്ഷം ലഭിച്ചെന്നും ബാക്കി തുക തിങ്കളാഴ്ച്ച ലഭിക്കുമെന്നും നരേന്ദ്ര പട്ടേല്‍ പറഞ്ഞു.

എന്നാല്‍ റിസര്‍വ്വ് ബാങ്കിലെ മുഴുവന്‍ പണം നല്‍കിയാലും തന്നെ വിലയ്‌ക്കെടുക്കാനാവില്ലെന്ന് നരേന്ദ്ര പട്ടേല്‍ വ്യക്തമാക്കി. ബിജെപിയുടെയും വരുണ്‍ പട്ടേലിന്റെയും നിലപാട് മാധ്യമങ്ങള്‍ക്കുമുന്നില്‍ പരസ്യപ്പെടുത്താനാണ് താന്‍ പണം വാങ്ങിയതെന്നും നരേന്ദ്ര കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസിന്റെ പദ്ധതി തിരിച്ചറിഞ്ഞ പട്ടീദാര്‍ സമൂഹം ബിജെപിയോടു ചേരുന്നതിന്റെ ഭീതിയില്‍ അവരുടെ പ്രേരണയാല്‍ നടത്തുന്ന ആരോപണങ്ങളാണിതെന്നും വരുണ്‍ പ്രതികരിച്ചു.

വ്യാജ ആരോപണങ്ങളാണിവയെന്ന് ബിജെപി വക്താവ് ഭരത് പാണ്ഡ്യ അറിയിച്ചു. നരേന്ദ്ര പട്ടേലിന്റെ തിരിച്ചുപോക്ക് നേരത്തേ തയാറാക്കിവച്ചിരുന്നതാണ്. ഇത്തരം നാടകങ്ങളിലൂടെ ഗുജറാത്തിലെ ജനങ്ങളെ വശീകരിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു. എന്തായാലും ഡിസംബറില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടിയാകും ഈ ആരോപണം.