‘പാഷാണം ഷാജി’യെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച അഭിഭാഷകന്‍ അടക്കം രണ്ടുപേരെ റിമാന്‍ഡ് ചെയ്തു

single-img
23 October 2017

ചലച്ചിത്ര നടനും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ സാജു നവോദയയെ ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ അഭിഭാഷകന്‍ ഇടപ്പള്ളി ചങ്ങമ്പുഴ വെഞ്ചിറ റോഡില്‍ ദേവസി ഐസക്, സഹായി കൃഷ്ണദാസ് (29) എന്നിവരെ റിമാന്‍ഡ് ചെയ്തു.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: ഒരു മാസം മുന്‍പു പാഷാണം ഷാജിയും സംഘവും കാക്കനാട് സ്റ്റേജ് ഷോ അവതരിപ്പിച്ചിരുന്നു. ഇതില്‍ സംഘത്തിലൊരാള്‍ ഷോയില്‍ സ്‌നേക് ഡാന്‍സ് അവതരിപ്പിച്ചു. ഇതു നിയമവിരുദ്ധമാണെന്നും വന്യജീവികളെ ഉപദ്രവിച്ചതിനെതിരെയുള്ള നിയമം അനുസരിച്ചു കേസു കൊടുക്കുമെന്നും ദേവസി തോമസ് ഷാജിയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. അഭിഭാഷകനെന്നു പറഞ്ഞാണു വിളിച്ചത്.

പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഇതേഭീഷണിയുമായി കൃഷ്ണദാസും വിളിച്ചു. കേസ് കൊടുക്കാതിരിക്കാന്‍ 10 ലക്ഷം രൂപ കൊടുക്കണമെന്നായിരുന്നു ആവശ്യം. ഭീഷണിപ്പെടുത്തിയുള്ള വിളികള്‍ വര്‍ധിച്ചപ്പോള്‍ ഷാജി അസി. കമ്മിഷണറെ നേരില്‍ കണ്ടു പരാതി നല്‍കി.

പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം പണം നല്‍കാമെന്ന് അറിയിച്ചു. തുടര്‍ന്ന് പൊലീസ് പറഞ്ഞ സ്ഥലത്ത് വിളിച്ചു വരുത്തി ഇരുവരേയും അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികള്‍ക്ക് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. ഒരു ഉദ്യോഗസ്ഥന്‍ വിവരം ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍.