കോഴ ആരോപണത്തിന് പിന്നാലെ ഗുജറാത്തില്‍ വീണ്ടും ബി.ജെ.പിക്ക് തിരിച്ചടി; ഒരു നേതാവ് കൂടി പാര്‍ട്ടി വിട്ടു

single-img
23 October 2017

അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി ഒരു പാട്ടിദാര്‍ നേതാവ് കൂടി പാര്‍ട്ടി വിട്ടു. നിഖില്‍ സവാനിയാണ് ബി ജെ പിയില്‍നിന്ന് രാജിവച്ചത്. പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ചാണ് നിഖിലിന്റെ രാജി.

ബി ജെ പിയില്‍ ചേരാന്‍ ഒരു കോടി വാഗ്ദാനം ലഭിച്ചെന്ന പാട്ടിദര്‍ നേതാവും ഹാര്‍ദിക് പട്ടേലിന്റെ അടുത്ത അനുയായിയുമായ നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് നിഖിലിന്റെ രാജിയെന്നത് ശ്രദ്ധേയമാണ്.

വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് താന്‍ രാജിവെക്കുകയാണെന്ന് നിഖില്‍ അറിയിച്ചു. സമുദായത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടിയാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിക്ക് മുമ്പാകെ താന്‍ ഉയര്‍ത്തിയ ആവശ്യങ്ങളൊന്നും സഫലീകരിക്കപ്പെട്ടില്ലെന്നും നിഖില്‍ കുറ്റപ്പെടുത്തി.

ബി ജെ പിയുടെ ഒരു കോടിരൂപാ വാഗ്ദാനം നിരസിച്ച നരേന്ദ്ര പട്ടേലിനെ നിഖില്‍ അഭിനന്ദിച്ചു. തീരെ പാവപ്പെട്ട കുടുംബത്തില്‍നിന്നു വന്ന വ്യക്തിയായിട്ടുകൂടി അദ്ദേഹം ഒരു കോടി നിരാകരിച്ചെന്ന് നിഖില്‍ പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസില്‍ ചേരുമോയെന്ന ചോദ്യത്തിന് നിഖില്‍ കൃത്യമായ മറുപടി നല്‍കിയില്ല. തന്റെ പ്രധാനലക്ഷ്യം പാട്ടിദാര്‍ സമുദായത്തിന്റെ ഉന്നമനം മാത്രമാണെന്ന് നിഖില്‍ പ്രതികരിച്ചു.